|

'ആര്‍.എസ്.എസുകാര്‍ ആവല്ലേടാ'; എം.ജി യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: എം.ജി. യൂണിവേഴ്‌സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷം. എ.ഐ.എസ്.എഫ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

സംഭവസ്ഥലത്ത് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനാണ് തങ്ങളെ ആക്രമിച്ചതെന്ന് കോട്ടയം എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷാജോ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘എസ്.എഫ്.ഐയുടെ ഭീഷണിയെ തുടര്‍ന്ന് കെ.എസ്.യു മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഏകപക്ഷീയമായി വിജയം പ്രതീക്ഷിച്ചിടത്ത് നിന്നാണ് എ.ഐ.എസ്.എഫ് വരുന്നത്. അത് എസ്.എഫ്.ഐയ്ക്ക് വലിയ തിരിച്ചടിയായി,’ ഷാജോ പറയുന്നു.

വോട്ടിംഗിന് മുന്‍പ് തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയാറായപ്പോള്‍ സംസ്ഥാന ജോയന്റ് സെക്രട്ടറിമാരായ നിമിഷ രാജു, ഋഷിരാജ്, അമല്‍ എന്നിവരെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഷാജോ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഫഹദിനും മര്‍ദനമേറ്റിട്ടുണ്ട്.


യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചതാണ്. സെനറ്റിലേക്കും എതിരില്ലാതെ ജയിക്കും എന്ന് പ്രതീക്ഷിച്ചപ്പോഴാണ് എ.ഐ.എസ്.എഫ് മത്സരരംഗത്തേക്ക് വന്നതെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും ഷാജോ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MG University SFI-AISF Clash