| Friday, 18th January 2019, 12:09 am

സിനിമയെടുക്കാന്‍ പൈസയുണ്ട്, ഫെല്ലോഷിപ്പ് നല്‍കാന്‍ പൈസയില്ല: എം.ജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ രാപ്പകല്‍ സമരത്തില്‍

ജംഷീന മുല്ലപ്പാട്ട്

കോട്ടയം: ഗവേഷണ വിദ്യാര്‍ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, എ.കെ.ആര്‍.എസ്.എ (ആള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍) സംഘടനകളുടെ നേതൃത്വത്തില്‍ എം.ജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തി വരുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം എട്ടു ദിവസം പിന്നിട്ടു.

എം.ഫില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ഫെല്ലോഷിപ്പ് അനുവദിക്കുക, അര്‍ഹരായ മുഴുവന്‍ ഗവേഷകര്‍ക്കും സര്‍വകലാശാല ഫെല്ലോഷിപ്പ് അനുവദിക്കുക, ഗവേഷണ മേഖലയിലെ മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗവേഷക വിദ്യാര്‍ഥികള്‍ രാപ്പകല്‍ സമരം നടത്തുന്നത്. സമരത്തിന്റെ ആദ്യ ദിവസങ്ങളില്‍ സര്‍വകലാശാല അധികൃതരുമായി വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഗവേഷകരുടെ പ്രശ്‌നപരിഹാരത്തിന് അധികൃതര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഗവേഷണ വിദ്യാര്‍ഥികളുടെ മികവുകൊണ്ട് സര്‍വകലാശാല നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ മുപ്പത്തിനാലാം സ്ഥാനവും നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ ഗ്രേഡും ഗവര്‍ണരുടെ ചാന്‍സിലേര്‍സ് അവാര്‍ഡ് രണ്ട് തവണ നേടിയിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഗവേഷണം നടത്തുന്ന ആരിഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇത്തരം നേട്ടങ്ങള്‍ ഉണ്ടാകുമ്പോഴും ഗവേഷകരടങ്ങുന്ന വിദ്യാര്‍ഥി സമൂഹത്തിന് സര്‍വകലാശാല അധികാരികളില്‍ നിന്ന് നിരന്തരം അവഗണന മാത്രമാണ് ലഭിക്കുന്നതെന്നും ആരിഫ് പറഞ്ഞു.

കേരളത്തിലെ എല്ലാ സര്‍വകലാശാലകളും എം.ഫിലുകാര്‍ക്ക് ഗവേഷണത്തിനു ഫെല്ലോഷിപ്പുകള്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ നിരവധി ഗവേഷ മികവുകള്‍ക്ക് വേദിയായിട്ടുള്ള എം.ജി സര്‍വകലാശാല എം.ഫില്ലുകാര്‍ക്ക് ഫെല്ലോഷിപ്പ് നല്‍കുന്നില്ലെന്ന് എം.ഫില്‍ വിദ്യാര്‍ഥി അരുണ്‍ ദ്രാവിഡ് പറഞ്ഞു. കാലിക്കറ്റ്, കാലടി, കേരള സര്‍വകലാശാലകള്‍ 4000 രൂപവരെ ഫെല്ലോഷിപ്പുകള്‍ നല്‍കുന്നുണ്ടെന്നും എം.ജി സര്‍വകലാശാല മാത്രമാണ് ഫെല്ലോഷിപ്പുകള്‍ നല്‍കാത്തതെന്നും അരുണ്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ആവശ്യത്തിന് സര്‍വകലാശാലയില്‍ ഉണ്ടായിട്ടും ഫെല്ലോഷിപ്പ് നല്‍കുന്നില്ലെന്നാണ് അരുണ്‍ പറയുന്നത്.

എന്‍.ഐ.ആര്‍.എഫ്, എന്‍.എ.എ.സി എന്നിവയുടെ റിപ്പോര്‍ട്ടില്‍ സര്‍വകലാശാലയിലെ ഗവേഷണ പ്രവര്‍ത്തന മികവ്, പ്രബന്ധങ്ങളുടെ മേന്മ എന്നിവ പ്രത്യേകം പരാമര്‍ശിക്കുന്നതായി ആരിഫ് പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകലാശാല ബജറ്റിലെ 719 കോടി രൂപയില്‍ മൂന്നു കോടി രൂപ മാത്രമാണ് ഗവേഷക ഫെല്ലോഷിപ്പിന് വേണ്ടി വകയിരുത്തിയത്. ആകെ ബജറ്റിന്റെ 0.41 ശതമാനം മാത്രമാണിതെന്നും ആരിഫ് പറഞ്ഞു.

“70 വിദ്യാര്‍ഥികളാണ് ഒരു വര്‍ഷം സര്‍വകലാശാലയില്‍ എം.ഫില്‍ ചെയ്യുന്നത്. ഇതില്‍ എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നുണ്ട്. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ എന്തെങ്കിലും സഹായം ലഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. സമരം തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ സിന്‍ഡിക്കേറ്റുമായി ചര്‍ച്ചയ്ക്ക് വിളിച്ചു. എന്നിട്ട് 2000 രൂപ തരാമെന്നു പറഞ്ഞു. 2000 രൂപ കൊണ്ട് മെസ് ബില്ല് അടക്കാന്‍ തികയില്ല. മിനിമം 5000 രൂപയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്”- അരുണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ആകെ 100 പി.എച്ച്.ഡിക്കാര്‍ക്കാണ് നിലവില്‍ സര്‍വകലാശാല ഫെല്ലോഷിപ്പ് നല്‍കുന്നത്. എന്നാല്‍ 2015 ജനുവരിയിലാണ് പി.എച്ച്.ഡിക്കാരുടെ ഫെല്ലോഷിപ്പ് അവസാനമായി കൊടുത്തത്. അതിനു ശേഷം അഡ്മിഷന്‍ എടുത്തവരുടേയും നേരത്തെ ലഭിച്ചു കൊണ്ടിരുന്നവര്‍ക്കും ഫെല്ലോഷിപ്പ് കിട്ടിയിട്ടില്ല. മിനിമം മൂന്നു വര്‍ഷം കൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കി സര്‍ട്ടിഫികറ്റു ലഭിച്ചാലും പൈസ ലഭിക്കാത്ത അവസ്ഥയിലാണിപ്പോള്‍. ഒരു മാസം 28ാം തിയ്യതിക്കുള്ളില്‍ ബില്ല് നല്‍കിയാല്‍ അടുത്ത മാസം അഞ്ചാം തിയ്യതിക്കുള്ളില്‍ പണം അക്കൗണ്ടില്‍ വരുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തണം എന്നാണ് ഞങ്ങളുടെ ആവശ്യം”- ആരിഫ് പറയുന്നു.

“ഫണ്ട് ഇല്ല എന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ പലതരത്തിലുള്ള സമരം ഞങ്ങള്‍ നടത്തുന്നുണ്ട്. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍, വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് എന്നിവിടങ്ങളില്‍ ഈ വിഷയം പല സമയത്തും ചര്‍ച്ച നടത്തിയിരുന്നു. ഗവര്‍ണര്‍ ഓഫീസില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ മറുപടി സിന്‍ഡിക്കേറ്റാണ് തീരുമാനമെടുക്കുക എന്നായിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പറഞ്ഞതും ഇതുതന്നെയായിരുന്നു. പക്ഷേ, സിന്‍ഡിക്കേറ്റ് ഒരു തരത്തിലുള്ള തീരുമാനവും എടുക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ വിഷയം സിന്‍ഡിക്കേറ്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ഉപസമിതിക്ക് വിടുകയാണ് ചെയ്തത്. ആ ഉപസമിതി ഇതുവരെ കൂടിയിട്ടില്ല. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളെജ് പ്രിന്‍സിപ്പലാണ് ഉപസമിതിയുടെ കണ്‍വീനര്‍. ഫണ്ടില്ലെന്നു പറയുന്ന സര്‍വകലാശാല രണ്ടു സിനിമകള്‍ നിര്‍മിക്കുന്നുണ്ട്. സമക്ഷം, ട്രിപ്പ് എന്നാണ് സിനിമകളുടെ പേര്. രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണിയുടെ പേരില്‍ എം.ആര്‍ ഉണ്ണി ക്രിയേഷന്‍സ് എന്ന പേരില്‍ സിനിമാ നിര്‍മാണ ബാനര്‍ തുടങ്ങിയിട്ടുണ്ട്. 2016 ല്‍ പൂര്‍ത്തിയാക്കേണ്ട അക്കാദമിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള കെട്ടിടം ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. ബജറ്റില്‍ ഫണ്ട് വകയിരുത്തുന്നുണ്ടെങ്കിലും കെട്ടിടം പണി ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. സര്‍വകലാശാലയ്ക്ക് വെറുതേ കളയാന്‍ പൈസയുണ്ട്. ഫെല്ലോഷിപ്പ് നല്‍കാന്‍ പൈസയില്ല”- അരുണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഗവേഷണ വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ രാപ്പകല്‍ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് സമരസമിതി പറയുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപ സമിതികളില്‍ ഒന്നായ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മിറ്റി കൃത്യമായ ഇടവേളകളില്‍ യോഗം ചേരാത്തത് മൂലം ഗവേഷകരുടെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നതായും സമര സമിതി ആരോപിക്കുന്നു. ഇത്തരത്തില്‍ വലിയ രീതിയിലുള്ള അവഗണന ഗവേഷണ വിദ്യാര്‍ഥികള്‍ നേരിടുന്നതായി സമര സമിതി പറയുന്നു.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more