മഹാത്മാ ഗാന്ധി സര്‍വകലാശാല ലൈബ്രറി സയന്‍സ് ഡിപ്പാര്‍ട്‌മെന്റിലെ പരീക്ഷാ ഫലത്തില്‍ ക്രമക്കേട് കണ്ടെത്തി. ഏപ്രില്‍ 22 ന് പ്രസിദ്ധീകരിച്ച ഫലത്തില്‍ 49 വിദ്യാര്‍ത്ഥികളില്‍ 26 വിദ്യാര്‍ത്ഥികള്‍ തോറ്റതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ കാരണം അന്വേഷിച്ച് വിദ്യാര്‍ത്ഥികള്‍ സെക്ഷനില്‍ എത്തിയപ്പോഴാണ് ഡിപ്പാര്‍ട്‌മെന്റില്‍ പ്രസിദ്ധീകരിച്ച മാര്‍ക്കും സെക്ഷനിലേക്ക് അയച്ച മാര്‍ക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് മനസിലായത്. 14 ഓളം വിദ്യാര്‍ത്ഥികളുടെ മാര്‍ക്കിലാണ് ക്രമക്കേട് വെളിപ്പെട്ടിരിക്കുന്നത്. ഇതുമൂലം തങ്ങളുടെ തുടര്‍വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളുമാണ് നഷ്ടപ്പെടുന്നത് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിഷയത്തില്‍ പ്രതിഷേഝവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.
2016-17 ലൈബ്രറി സയന്‍സ് (ബി.എല്‍.ഐ.സി) ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷഫലത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇന്റേണല്‍ മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ലൈബ്രറി സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് അധികൃതര്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. സെമസ്റ്റര്‍ പരീക്ഷയ്ക്ക് മുന്‍പ് പ്രസിദ്ധീകരിക്കേണ്ട ഇന്റേണല്‍ മാര്‍ക്കുകള്‍ പരീക്ഷ കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതേസമയം ഇന്റേണല്‍ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ച മാര്‍ക്ക് ഷീറ്റില്‍ തിയതികള്‍ തിരുത്തിയും കൃത്രിമം നടത്തിയിട്ടുണ്ട്. നിലവില്‍ ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയിട്ടുള്ളത്.
എന്നാല്‍ പരാതിയിന്മേല്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പരീക്ഷാ ഫലത്തില്‍ ക്രമക്കേട് നടത്തിയ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനാല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. വിഷയത്തില്‍ ഇന്ന് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നിരുന്നെങ്കിലും അധ്യാപകര്‍ക്ക് അനുകൂലമായ തീരുമാനമാണ് യോഗത്തില്‍നിന്ന് ഉയര്‍ന്നുവന്നതെന്ന് എം.ജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“അധ്യാപകരെ തല്‍സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമാണ് സിന്‍ഡിക്കേറ്റ് ഇന്ന് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ അത്തരമൊരു അന്വേഷണം പ്രഹസനമായിരിക്കും. ആരോപിതരായ അധ്യാപകര്‍ അന്വേഷണത്തില്‍ ഇടപെടാന്‍ സാധ്യതയുണ്ട്.”
എം.ജി സര്‍വകലാശാലയ്ക്ക് കീഴിലായിരുന്നു ബി.എല്‍.ഐ.സി കോഴ്‌സ്. 2017 മുതല്‍ കോഴ്‌സ് സീപാക് എന്നൊരു സൊസൈറ്റി ബോര്‍ഡിന് കീഴിലായി. എന്നാല്‍ സീപാകുമായി തങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ആവശ്യമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.
“ഞങ്ങള്‍ 49 വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ നോക്കേണ്ടത് സര്‍വകലാശാലയായിരുന്നു. ഞങ്ങളെ സംബന്ധിച്ച് സീപാകുമായി ബന്ധപ്പെടേണ്ട യാതൊരുവിധ കാര്യവുമില്ല. അതിനാലാണ് ഞങ്ങള്‍ സര്‍വകലാശാലയെ സമീപിക്കുന്നത്.”
ഇന്റേണല്‍ മാര്‍ക്കില്‍ ക്രമക്കേട് നടത്തിയത് തങ്ങളോടുള്ള പ്രതികാരനടപടിയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. “ഈ ഡിപ്പാര്‍ട്‌മെന്റില്‍ മുന്‍പുണ്ടായിരുന്ന അനീഷ് എന്ന അധ്യാപകനെതിരെ പി.എസ്.സി ക്രമക്കേട് സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നു. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ഇതിനായി ഞങ്ങള്‍ പരസ്യമായി രംഗത്തിറങ്ങിയിരുന്നു.” ഇതിനുള്ള പ്രതികാരനടപടിയാണ് തങ്ങളുടെ ഇന്റേണല്‍ മാര്‍ക്കില്‍ ക്രമക്കേട് കാണിക്കാന്‍ കാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
എക്‌സ്റ്റേണല്‍ പരീക്ഷയ്ക്ക് മുന്‍പ് ഇന്റേണല്‍ മാര്‍ക്കിടണമെന്നാണ് സര്‍വകലാശാല ചട്ടം. എന്നാല്‍ ഇത് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഈ മാസം 16 നായിരുന്നു നടത്തേണ്ടത്. എന്നാല്‍ ഇതിപ്പോള്‍ മാറ്റിവെച്ചിരിക്കുകയാണ്. ഒന്നാം സെമസ്റ്ററില്‍ പഠിപ്പിക്കേണ്ട വിഷയങ്ങള്‍ രണ്ടാം സെമസ്റ്ററില്‍ പഠിപ്പിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ട സര്‍വകലാശാല പരീക്ഷ തന്നെ മാറ്റിവെക്കുകയായിരുന്നു.
അധ്യാപകരുടെ പിടിപ്പുകേടു കാരണം നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാണ്. വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി സീപാകിന്റെ ചെയര്‍മാനെ പരാതിയുമായി സമീപിച്ചപ്പോള്‍ മോശമായ രീതിയിലാണ് പ്രതികരിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇന്റേണല്‍ മാര്‍ക്കിട്ട പല വിഷയങ്ങളും സെമസ്റ്ററില്‍ രണ്ടോ മൂന്നോ ക്ലാസുകളെ എടുത്തിട്ടൊള്ളൂ എന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.