കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റിയിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദിവാസി പെണ്‍കുട്ടിക്ക് നേരെ എസ്.എഫ്.ഐ വ്യാജ ആരോപണങ്ങള്‍ ചമക്കുന്നെന്ന് ഫ്രറ്റേണിറ്റി. വ്യാഴാഴ്ച നടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഫ്രറ്റേണിറ്റി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബിബിത എസിനു നേരെയാണ് എസ്.എഫ്.ഐ വ്യാജ ആരോപണങ്ങള്‍ നടത്തുന്നതെന്ന് ഫ്രറ്റേണിറ്റി നേതാക്കള്‍ ആരോപിച്ചു.
എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്ന തീവ്രവാദ, ഭീകരവാദ, സദാചാര ചാപ്പ കുത്തല്‍ രാഷ്ട്രീയ ആയുധങ്ങളെല്ലാം എസ്.എഫ്.ഐ ഇവിടെയും പയറ്റുന്നെന്നും കാമ്പസില്‍ പേരുകള്‍ സൂചിപ്പിക്കാത്ത സദാചാര ആരോപണമുന്നയിക്കുന്ന പോസ്റ്ററുകള്‍ പതിച്ചെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.
Read Also : ഭാര്യയുടേയും മകളുടേയും കൈപിടിച്ച് ശബരിമലയില്‍ പോകും: എം.മുകുന്ദന്‍
യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ തറ രാഷ്ട്രീയം കളിക്കുകയാണെന്നും ആദിവാസി പെണ്‍കുട്ടിയായതിനാല്‍ ശാരീരിക മര്‍ദ്ദനമേല്‍പ്പിക്കാന്‍ ഭയമുള്ളതുകൊണ്ട് വ്യാജ കഥകള്‍ ചമച്ച് അവരെ മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജവാദ് ആരോപിച്ചു.
എസ്.എഫ്.ഐയുടെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണെന്നും വ്യത്യസ്തമായ നമ്പറുകളില്‍ നിന്ന് ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള കോളുകള്‍ തനിക്ക് വരുന്നുണ്ടെന്നും ബിബിത പറഞ്ഞു.
“നിരന്തരമായ ഹരാസ്‌മെന്റിലൂടെ മാനസികമായി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. എസ്.എഫ്.ഐ ആധിപത്യമുള്ള കാമ്പസില്‍ തന്റെ ഭാവി എന്താകുമെന്ന് കടുത്ത ആശങ്കയുണ്ട്. കാമ്പസില്‍ ഇലക്ഷന്‍ ചുമതലയുള്ള ഫ്രറ്റേണിറ്റി നേതാക്കളും പ്രവര്‍ത്തകരുമെത്തിയത് പോസ്റ്ററുകളും ബാനറുകളും വെക്കാനാണ്. അതിനെ ക്രിമിനല്‍ സംഘമായി ചിത്രീകരിക്കാനുള്ള ശ്രമം പരിഹാസ്യമാണ്. കാമ്പസില്‍ പുറത്ത് നിന്നുളളവരുടെ സാന്നിധ്യത്തിന്റെ കണക്കെടുക്കാന്‍ എസ്.എഫ്.ഐ ക്ക് ധൈര്യമുണ്ടോ” ബിബിത ചോദിച്ചു.
നേരത്തെ കാമ്പസില്‍ പോസ്റ്ററുകളും ബാനറുകളും വെക്കാനെത്തിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് നേരെ കാമ്പസില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്നും അഭിമന്യു മോഡല്‍ അക്രമത്തിന് ശ്രമം നടത്തുന്നുവെന്നും ആരോപിച്ച് എസ്.എഫ്.ഐ വ്യാജവാര്‍ത്ത നല്‍കിയിരുന്നെന്നും ഫ്രറ്റേണിറ്റി നേതാക്കാള്‍ കൂട്ടിച്ചേര്‍ത്തു.