ബി. അശോക് സ്ഥാനം ഏറ്റെടുത്തതോടെ ഡയറക്ടര്‍ ബോര്‍ഡിന്റെ സ്വഭാവം മാറി: കെ.എസ്.ഇ.ബി മാനേജ്‌മെന്റിനെതിരെ എം.ജി. സുരേഷ് കുമാര്‍
Kerala News
ബി. അശോക് സ്ഥാനം ഏറ്റെടുത്തതോടെ ഡയറക്ടര്‍ ബോര്‍ഡിന്റെ സ്വഭാവം മാറി: കെ.എസ്.ഇ.ബി മാനേജ്‌മെന്റിനെതിരെ എം.ജി. സുരേഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th April 2022, 9:01 am

തിരുവനന്തപുരം: കെ.എസ്.ഇ.ബി സി.എം.ഡിക്കും ബോര്‍ഡ് മാനേജ്മെന്റിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാര്‍. ബി. അശോക് ബോര്‍ഡ് ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഡയറക്ടര്‍ ബോര്‍ഡിന്റെ സ്വഭാവം മാറിയെന്നും സ്ഥാപനത്തിലെ കൂട്ടായ്മ തകര്‍ന്നുവെന്നും എം.ജി. സുരേഷ് കുമാര്‍ ആരോപിച്ചു.

സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഓഫീസേഴ്സ് അസോസിയേഷനും വര്‍ക്കേഴ്സ് അസോസിയേഷനും ചേര്‍ന്ന് ബോര്‍ഡിന് അധികചെലവുണ്ടാക്കുന്ന വാങ്ങലുകളെ തടഞ്ഞിരുന്നുവെന്നും അതിനാലാണ് മാനേജ്മെന്റും സംഘടനകളും തമ്മില്‍ സംഘര്‍ഷ അന്തരീക്ഷം രൂപപ്പെട്ടതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

2022 ഫെബ്രുവരിയില്‍ പ്രധാനപ്പെട്ട തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ സംയുക്തമായി പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വന്നതും ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമരങ്ങള്‍ക്ക് കാരണമായതും മാനേജ്മെന്റിന്റെ സമീപനത്തില്‍ വന്നിട്ടുള്ള ഈ മാറ്റമാണ്.

ബോര്‍ഡിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മാനേജ്മെന്റും തൊഴിലാളികളും ഓഫീസര്‍മാരും സംഘടനകളും യോജിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു. എന്നാല്‍, ബി അശോക് ചെയര്‍മാന്‍ ആയതോടെ മാനേജ്മെന്റിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി. ഇത് കൂട്ടായ്മ തകരാന്‍ കാരണമായെന്നും സംഘടനകളെ സമരത്തിലേക്ക് നയിച്ചത് സമീപനത്തില്‍ വന്നിട്ടുള്ള ഈ മാറ്റമാണ്.

കെ ഫോണ്‍ പദ്ധതിയെ പരാതി നല്‍കി മുടക്കാന്‍ ബോര്‍ഡിലുള്ള ചിലര്‍ ശ്രമിച്ചു. സാലറി ചലഞ്ച്, വാക്സിന്‍ ചലഞ്ച് തുടങ്ങിയ നടപടികളെ ചോദ്യം ചെയ്തു. മാനേജ്മെന്റിലുണ്ടായ മാറ്റത്തില്‍ എഞ്ചിനീയര്‍മാരുടെ കാറ്റഗറി സംഘടനയ്ക്ക് വലിയ പ്രധാന്യം കൊടുത്തു. പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം കാറ്റഗറി സംഘടനയുടെ ആളുകളെ നിയോഗിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.

യൂണിഫോം എന്ന പേരില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ടീ ഷര്‍ട്ടുകളും ചുരിദാറുകളും വിതരണം ചെയ്യാന്‍ തീരുമാനം എടുത്തു. അറുപതോ എഴുപതോ രൂപയക്ക് കിട്ടുമായിരുന്ന ടീഷര്‍ട്ട് 250 രൂപയും ടാക്സും നിരക്കില്‍ വാങ്ങാനുള്ള നീക്കം സംഘടനകള്‍ എതിര്‍ത്തു. സ്വന്തമായി പൊതുജന സമ്പര്‍ക്ക പരിപാടി നടത്താമെന്നിരിക്കെ പൊതുജന സമ്പര്‍ക്ക വിഭാഗം പുറം കരാര്‍ കൊടുക്കാന്‍ ഏകപക്ഷീയമായ തീരുമാനം ഉണ്ടായി.

1200 വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും വില കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കുറേയെണ്ണം ഒരുമിച്ച് വാങ്ങുന്നത് ഗുണം ചെയ്യില്ലെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡിന്റെ സോഫ്റ്റ്‌വെയര്‍ ഫലപ്രദമല്ലെന്ന് പ്രചരിപ്പിക്കുകയും ടാറ്റാ പവറില്‍ നിന്നും സ്വകാര്യ സോഫ്റ്റ്‌വെയര്‍ വാങ്ങാനുള്ള നീക്കം ഉണ്ടായി. എന്നാല്‍ ഇത് മോശം നിലവാരത്തിലുള്ളതാണെന്ന് സംഘടനകള്‍ സമര്‍ഥിച്ചതോടെ പിന്മാറേണ്ടി വന്നു.

11 കെ.വി. ലൈനുകളില്‍ തകരാറുകണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഫാള്‍ട്ട് പാസ് ഇന്റിക്കേറ്റര്‍ അമിത വിലയ്ക്ക് പുറത്ത് നിന്നും വാങ്ങാനുള്ള ശ്രമത്തേയും സംഘടനകള്‍ ചേര്‍ന്ന് തടഞ്ഞുവെന്നും ഇതിന്റെ തുടര്‍ച്ചയായാണ് മാനേജ്മെന്റും സംഘടനകളും തമ്മില്‍ സംഘര്‍ഷ അന്തരീക്ഷം രൂപപ്പെട്ടതെന്നും സുരേഷ് കുമാര്‍ ലേഖനത്തില്‍ പറയുന്നു.

ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ബാനുവിനെ സി.എം.ഡി കളിയാക്കുകയും അവരുടെ സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തു. അത് തിരുത്താന്‍ അശോക് തയ്യാറായില്ല. മാനേജ്മെന്റും സംഘടനകളും ജീവനക്കാരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സാഹചര്യത്തില്‍ അതിന് വിഘാതമായ സമീപനം തിരുത്താനുള്ള പ്രക്ഷോഭങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.

Content Highlights: MG Suresh criticize B Ashok and KSEB