പുതിയകാലത്തെ പാട്ടുകാര്‍ സിനിമക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും പാട്ടിന് പ്രാധാന്യം നല്‍കുന്നില്ലെന്നും ഗായകന്‍ എം.ജീ ശ്രീകുമാര്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടും സംഗീത സംവിധാനവുമൊക്കെ ജന്മനാ ലഭിക്കുന്ന കഴിവുകളുടെ അടിസ്ഥാനത്തില്‍ സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ പാട്ടും സംഗീത സംവിധാനവുമൊക്കെ ജന്മനാ ലഭിക്കുന്ന കഴിവുകളാണ്. അല്ലാതെ ഒരാളെ കൊണ്ട് ഇന്നത് ചെയ്യ് എന്ന് പറഞ്ഞാല്‍ ചെയ്യാന്‍ കഴിയില്ല. പണ്ട് എ.ആര്‍. റഹ്മാന്റെ മുക്കാല മുക്കാബല വന്ന സമയത്ത് ഇത് പോലൊന്ന് ചെയ്യണമെന്ന് പറഞ്ഞ് ചില നിര്‍മാതാക്കളും സംവിധായകരും വന്നിരുന്നു. അന്ന് എനിക്കറിയാവുന്ന ഒന്നു, രണ്ട് പേര്‍ മറുപടി പറഞ്ഞത്, എന്നാല്‍ എ.ആര്‍ റഹ്മാന്റെ അടുത്ത് പോയാല്‍ മതിയെല്ലോ എന്തിനാണ് എന്റെ അടുത്ത് വന്നത് എന്നാണ്.
ഓരോരുത്തര്‍ക്കും ഓരോ ഐഡിന്റിറ്റി ഉണ്ടല്ലോ, അങ്ങനെ ബഹുമുഖ പ്രതിഭകള്‍ക്കെ ഇവിടെ നില്‍ക്കാന്‍ കഴിയൂ.ഇപ്പോള്‍ പുതിയ കഴിവുള്ള ആളുകള്‍ സംഗീത രംഗത്ത് വരുന്നുണ്ട്. അവര്‍ സിനിമക്ക് അനുസരിച്ചാണ് പാട്ടുകള്‍ ചെയ്യുന്നത്. സിനിമക്ക് പ്രാധാന്യം നല്‍കുമ്പോള്‍ സംഗീതത്തിനും പാട്ടിനും പ്രാധാന്യം നല്‍കുന്നില്ല.
മിന്നല്‍ മുരളിയില്‍ ഞാനൊരു പാട്ട് പാടിയിരുന്നു. അത് മൂന്ന് വരി കഴിഞ്ഞാല്‍ പിന്നെ മുഴുവന്‍ സംസാരവും സംഭാഷണവുമാണ്. ഞങ്ങളുടെ തലമുറക്ക് ഞങ്ങള്‍ അനുഭവിച്ചുവന്ന ആ രീതി തന്നെ വേണം. പുതിയ പാട്ടുകാര്‍ക്ക് അതുവേണ്ട. പാട്ട് ശകലം കേട്ട് അതുവഴി പോയാല്‍ മതി.
പാട്ടിനേക്കാള്‍ കൂടുതല്‍ വിഷ്വല്‍സിനാണ് പ്രാധാന്യം നല്‍കുന്നത്. അത് മാറും. വീണ്ടും പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു കാലം വരും. ശങ്കരാഭരണം പോലെ ഏതെങ്കിലുമൊരു സിനിമ വരുമ്പോള്‍ വീണ്ടും മലയാളികള്‍ക്ക് ആവശ്യമുള്ള പാട്ടിന് പ്രാധാന്യമുള്ള ഒരു കാലം വരും, വരാതിരിക്കില്ല’, എം.ജി. ശ്രീകുമാര്‍ പറഞ്ഞു.
content highlights: MG Sreekumar on the new generation of singers