Advertisement
Malayalam Cinema
ഞാനും ഒരു കാലത്ത് ദാസേട്ടനെ അനുകരിച്ചിരുന്നു, പക്ഷേ അത് സ്വന്തം കുഴിതോണ്ടലാണ്: എം.ജി. ശ്രീകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 29, 05:45 am
Friday, 29th October 2021, 11:15 am

ഇതിഹാസ ഗായകനായി യേശുദാസ് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്ന ഗായകനാണ് എം.ജി. ശ്രീകുമാര്‍. യേശുദാസ് എന്ന ഗായകന്‍ ഒരു ഇതിഹാസമായി നില്‍ക്കുന്നത് കരിയറില്‍ ദോഷം ചെയ്തിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് എം.ജി. ശ്രീകുമാര്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് യേശുദാസിനെ കുറിച്ചും തന്റെ സംഗീത യാത്രയെ കുറിച്ചും എം.ജി. ശ്രീകുമാര്‍ മനസുതുറക്കുന്നത്.

‘ദാസേട്ടന്‍ ഒരു തടസ്സമായി നിന്നു എന്നൊക്കെ പലരും പറയാറുണ്ട്. അതൊക്കെ ഓരോരുത്തര്‍ വെറുതെ പറയുന്നതാണ്. എനിക്ക് അദ്ദേഹമൊരു തടസ്സമായിട്ടില്ല. പടം കിട്ടാതെയും സിനിമ കിട്ടാതെയുമൊക്കെ മൂഡിയായി വീട്ടിലിരിക്കുന്ന ചിലര്‍ അങ്ങനെ പറഞ്ഞു കാണും.

അപ്പോള്‍ പെട്ടെന്ന് അവര്‍ ശ്രദ്ധയില്‍ വരുമല്ലോ. ദാസേട്ടന്‍ എന്നും ദാസേട്ടന്‍ തന്നെ. അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്തമായൊരു ശബ്ദമായതുകൊ ണ്ടാണ് എന്റെ ഭാര്യപോലും എന്നെ ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞില്ലേ, എം.ജി. പറയുന്നു.

യേശുദാസിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന് ആരേയും അനുകരിക്കാന്‍ പോവരുതെന്നാണ് തന്റെ ചേട്ടന്‍ എം.ജി രാധാകൃഷ്ണന്‍ പഠിപ്പിച്ചതെന്നായിരുന്നു എം.ജിയുടെ മറുപടി.

ദാസേട്ടന്റേത് ഗാംഭീര്യമുള്ള ശബ്ദമാണ്. അത് അനുകരിച്ച് സ്റ്റേജില്‍ പാടിയിട്ട് പുറത്തുവരുമ്പോള്‍ ചിലരൊക്കെ പറയും, കൊള്ളാം ദാസേട്ടനെപ്പോലെ പാടിയെന്ന്. പക്ഷേ അത് ആ ഗായകന്റെ കുഴി തോണ്ടുകയാണെന്ന് അവന്‍ ഓര്‍ക്കുന്നില്ലെന്ന് മാത്രം.

ഞാനും ആദ്യമൊക്കെ ഈ കൂട്ടത്തില്‍പ്പെട്ട് ദാസേട്ടനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ എന്റെ ചേട്ടന്റെ ശിക്ഷണത്തിലൂടെ അത് മാറിപ്പോയതാണ്.

തനതായൊരു ശൈലിയുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അംഗീകരിക്കപ്പെടുമെന്നാണ് ഗുരുക്കന്‍മാര്‍ എനിക്ക് പഠിപ്പിച്ചു തന്നത്. ആ പാതയിലൂടെ യാത്ര ചെയ്തതുകൊണ്ടാണ് എനിക്കും മുന്നോട്ടു വരാന്‍ സാധിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു, എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MG Sreekumar About Yesudas