| Thursday, 28th October 2021, 10:56 am

സാറിന്റെ ഡ്രസ്സിന് ചേര്‍ന്നൊരു മോതിരമുണ്ട്, അത് ഇട്ടാല്‍ ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും; മോന്‍സന്‍ മോതിരം സമ്മാനിച്ചതിനെ കുറിച്ച് എം.ജി ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെ മോന്‍സനുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങളും മോന്‍സന്‍ അമൂല്യമെന്ന പേരില്‍ പലര്‍ക്കായി നല്‍കിയ സമ്മാനങ്ങളുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിലൊന്നായിരുന്നു ഗായകന്‍ എം.ജി ശ്രീകുമാറിന് നല്‍കിയ മോതിരം.

ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു മോന്‍സന്‍ തനിക്കായി സമ്മാനിച്ച മോതിരത്തെ കുറിച്ച് എം.ജി പറഞ്ഞത്. ഇതിന്റെ വീഡിയോ വലിയ രീതിയില്‍ വൈറലാവുകയും എം.ജിക്കെതിരെ പരിഹാസ കമന്റുകളും മറ്റും ഉയരുകയും ചെയ്തിരുന്നു.

ഈ സംഭവത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിക്കുകയാണ് എം.ജി ശ്രീകുമാര്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോന്‍സനുമായുള്ള പരിചയത്തെ കുറിച്ച് എം.ജി വ്യക്തമാക്കുന്നത്.

”ഞാനും രമേഷ് പിഷാരടിയും കൂടെ രണ്ടു വര്‍ഷം മുന്‍പ് ഫ്‌ളവേഴ്‌സ് ടി.വിയുടെ പരിപാടിക്കിടെ ഉണ്ടാക്കിയ തമാശയാണ് എനിക്കെതിരെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മോന്‍സന്‍ എന്നയാള്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ സംഗീത പരിപാടി കണ്ട് ഇഷ്ടപ്പെട്ട് കുട്ടികള്‍ക്ക് പാട്ടുപഠിക്കാന്‍ ഒരു മൈക്ക് സമ്മാനമായി അയച്ചു.

തൊട്ടടുത്ത ദിവസം അയാള്‍ പറഞ്ഞു. ”സാറിന്റെ ഡ്രസ്സിന് ചേര്‍ന്നൊരു മോതിരമുണ്ട് എന്റെ കൈയില്‍. ഞാന്‍ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാല്‍ സാര്‍ ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും, പക്ഷേ ഇട്ട ശേഷം തിരികെ തരണം”.

ഞാനൊരു ശുദ്ധനായതുകൊണ്ട് അത് കേട്ടു. ഷൂട്ടിങ്ങിനിടയില്‍ ഞാനിത് പിഷാരടിയെ കാണിച്ചു. ഇതെന്താണന്ന് പിഷാരടി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. മോന്‍സന്‍ എന്നൊരാള്‍ തന്നതാണ്. ഭയങ്കര വിലമതിക്കാനാവാത്ത സാധനമാണ് ഇതെന്നൊക്കെയാണ് പുള്ളി പറയുന്നത്.

അപ്പോഴാണ് സ്റ്റീഫന്‍ ദേവസിയും അനുരാധ ശ്രീറാമും പിഷാരടിയും കൂടെ പറയുന്നത്, അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇത് അഞ്ച് വിരലിലും ഇടാമെന്ന്. ഇതൊക്കെ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്. രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നൊന്നും അന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല.

മോന്‍സനുമായി ഒരു സൗഹൃദവും ഉണ്ടായിട്ടില്ല. അയാളുടെ വീട് ഒരു മ്യൂസിയം പോലെ ആയിരുന്നല്ലോ. അവിടെ ഡി.ജി.പി തൊട്ട് ഒരുപാടാളുകള്‍ വന്നിട്ടുമുണ്ട്. കാരണം വേറൊന്നുമല്ല, കൊച്ചിയില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉള്ള സാധനങ്ങളെല്ലാം സൂക്ഷിച്ച് ഇങ്ങനെയൊരു വീടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും അതിശയം തോന്നും. നമ്മളത് കാണാന്‍ പോകും. ആരൊക്കെയോ പറഞ്ഞ് കേട്ടാണ് ഞാനും ലേഖയും അവിടെ പോവുന്നത്. അത് കണ്ട് തിരികെപ്പോന്നു എന്നല്ലാതെ വേറെ യാതൊന്നുമുണ്ടായിട്ടില്ല, എം.ജി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MG sreekumar About Monson Mavunkal

We use cookies to give you the best possible experience. Learn more