| Wednesday, 29th July 2020, 5:38 pm

ചര്‍ച്ച നയിക്കാന്‍ എം.ജി രാധാകൃഷ്ണനും എത്തുന്നു; ജോണ്‍ ബ്രിട്ടാസിനും ശ്രീകണ്ഠന്‍ നായര്‍ക്കും പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവര്‍ ബുധനാഴ്ച നയിക്കുക എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. കൊവിഡിനൊപ്പം ആറ് മാസം, അപകട മുനമ്പില്‍ കേരളം എന്ന വിഷയത്തിലാണ് ചര്‍ച്ച.

എഡിറ്ററായ എം.ജി രാധാകൃഷ്ണന്‍ സാധാരണ ന്യൂസ് അവര്‍ അവതരിപ്പിക്കാറില്ല. സി.പി.ഐ.എം ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച സാഹചര്യത്തിലുള്ള ചര്‍ച്ച നയിക്കാനുള്ള എം.ജി രാധാകൃഷ്ണന്റെ തീരുമാനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സൃഷ്ടിച്ചത്.

സി.പി.ഐ.എം ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കൈരളി ചാനല്‍ മാനേജിംഗ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് പ്രൈം ടൈം ചര്‍ച്ചകളുടെ അവതരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ട്വന്റി ഫോര്‍ എഡിറ്റര്‍ ശ്രീകണ്ഠന്‍ നായരും ചര്‍ച്ച നയിക്കാനെത്താറുണ്ട്. ആ സ്ഥലത്തേക്കാണ് എം.ജി രാധാകൃഷ്ണന്റെയും വരവ്.

നേരത്തെ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് പിന്നിലായിരുന്ന കൈരളി ന്യൂസ് ജോണ്‍ ബ്രിട്ടാസ് അവതാരകനായതിന് പിന്നാലെ ന്യൂസ് 18, മീഡിയാ വണ്‍ ചാനലുകളെ പിന്നിലാക്കി ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ വളര്‍ച്ചാ നിരക്കില്‍ അഞ്ചാമത് എത്തിയിരുന്നു.

കൈരളിയിലും പിന്നീട് ന്യൂസ് 18 കേരളയിലും പ്രൈം ടൈം ചര്‍ച്ചകള്‍ നയിച്ചിരുന്ന ശരത് ചന്ദ്രനും ഇനി പാര്‍ട്ടി ചാനലിന്റെ ചര്‍ച്ചകളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more