ഇന്ത്യന്‍ വാഹന വിപണി ഇതുവരെ കണ്ടിട്ടില്ലാത്ത നവീന ഫീച്ചറുകളുമായി എം.ജി ഹെക്ടര്‍. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയാണ് എം.ജി. പുതിയ ഹെക്ടര്‍ എസ്.യു.വിയിലൂടെ എം.ജി മോട്ടോര്‍ രാജ്യത്ത് ചുവടുറപ്പിക്കും.
ഇന്റര്‍നെറ്റ് കാറെന്നാണ് (കണക്ടഡ് കാര്‍) ഹെക്ടറിനെ എം.ജി വിശേഷിപ്പിക്കുന്നത്. ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി പൂര്‍ണ സമയം ബന്ധപ്പെടാന്‍ ഹെക്ടറിന് കഴിയും. അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇത് സാധ്യമാക്കുന്നത്. സിസ്‌കോ, അണ്‍ലിമിറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി കമ്പനികള്‍ എംജിയുടെ ഐ-സ്മാര്‍ട്ട് സംവിധാനത്തില്‍ പങ്കാളികളാണ്.
ഇന്റര്‍നെറ്റുമായി മുഴുവന്‍ സമയം ബന്ധപ്പെടാന്‍ പ്രത്യേക ഇന്‍ബില്‍ട്ട് സിം എസ്.യു.വിയിലുണ്ടാവും. ഒപ്പം തടസ്സമില്ലാത്ത 5G കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആറാം പതിപ്പിന്റെ പിന്തുണയും ഹെക്ടറിലുണ്ട്.
ബില്‍ട്ട് ഇന്‍ ആപ്പുകള്‍, ശബ്ദ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സ്മാര്‍ട്ട് ഫീച്ചറുകള്‍, സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവ ഐ-സ്മാര്‍ട്ട് കണക്ടിവിറ്റി സംവിധാനത്തിന്റെ ഭാഗമാവുന്നു.
തത്സമയ നാവിഗേഷന്‍, റിമോട്ട് ലൊക്കേഷന്‍, ജിയോ ഫെന്‍സിങ്, എമര്‍ജന്‍സി റെസ്പോണ്‍സ് തുടങ്ങി ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത നിരവധി ആധുനിക സേവനങ്ങള്‍ വാഹനത്തില്‍ ഒരുങ്ങും. സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകള്‍ സ്മാര്‍ട്ട്ഫോണ്‍ കണക്കെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉടമകള്‍ക്ക് തന്നെ സാധ്യമാണ്. ടോടോം IQ, ഗാന പ്രീമിയം, അക്യൂവെതര്‍ ആപ്പ് തുടങ്ങിയ ആപ്പുകള്‍ എസ്.യു.വിയില്‍ ആദ്യമേയുണ്ടാവും.
ഈ വര്‍ഷം രണ്ടാംപാദം എംജി ഹെക്ടര്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുമെന്നാണ് സൂചന. പവര്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഒരുപാട് വിശേഷങ്ങള്‍ എസ്.യു.വിയില്‍ ഒരുങ്ങും. ശ്രേണിയിലെ ഏറ്റവും വലിയ പാനരോമിക് സണ്‍റൂഫായിരിക്കും ഹെക്ടറിലേത്. 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പുകള്‍ ഹെക്ടറില്‍ അണിനിരക്കും.