| Monday, 23rd July 2018, 7:47 am

വംശീയ അധിക്ഷേപം; ജര്‍മ്മനിക്കായി ഇനി കളിക്കാനില്ലെന്ന് മെസ്യൂട് ഓസില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബര്‍ലിന്‍: വംശീയ അധിക്ഷേപങ്ങളില്‍ മനംമടുത്ത് ഫുട്‌ബോള്‍ കരിയര്‍ ഉപേക്ഷിക്കുകയാണെന്ന് ജര്‍മ്മനിയുടെ ആഴ്‌സനല്‍ താരം മെസ്യൂട്ട് ഓസില്‍. തുര്‍ക്കി ബന്ധം ആരോപിച്ച് തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ഭീഷണിയും വംശീയ അവഹേളനവുമുണ്ടെന്നും ജര്‍മ്മനിയ്ക്കായി ഇനിയും ബൂട്ട് കെട്ടാനില്ലെന്നും ഓസില്‍ പറഞ്ഞു.

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഫെഡറേന്‍ പ്രസിഡന്റിന് അയച്ച തന്റെ രാജിക്കത്തിന്റെ പകര്‍പ്പ് ഓസില്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനി റഷ്യന്‍ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് ഓസിലിനുനേരെ വംശീയ ആക്രമണമുണ്ടായത്.

ALSO READ: ക്രിക്കറ്റിലെ സലാഹ്!! ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമായി ഫഖര്‍ സമാന്

തുര്‍ക്കിയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഓസിലിന്റെ കുടുംബം.

എര്‍ദോഗനുമായിട്ടുള്ള കൂടിക്കാഴ്ച ഓസില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജര്‍മ്മന്‍ ടീം മാനേജര്‍ ഒളിവര്‍ ബീര്‍ഹോഫ് പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ എര്‍ദോഗാനുമായി ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തതിനുപിന്നില്‍ ഒന്നുമില്ലെന്നും തന്റെ കുടുംബത്തിന്റെ രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരാളോടുള്ള ബഹുമാനം മാത്രമാണിതെന്നും ഓസില്‍ പറഞ്ഞു.

“ഞാനൊരു ഫുട്ബോള്‍ താരമാണ്. അതാണെന്റെ ജോലി. അല്ലാതെ രാഷ്ട്രീയമല്ല. പലര്‍ക്കും ഞാന്‍ ജര്‍മ്മനിയുടെ ജഴ്സി അണിയുന്നതില്‍ താത്പര്യമില്ല. ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും നിലപാട് ഇത് തന്നെയാണെന്ന് ഞാന്‍ മനസിലാക്കുന്നു.”

വിവിധ വംശപാരമ്പര്യമുള്ള കളിയാണ് ഫുട്ബോളെന്നും വംശീയ വിവേചന പശ്ചാത്തലമുള്ള ആളുകളെ ഫുട്ബോള്‍ ഫെഡറേഷനിലൊന്നും ഉള്‍പ്പെടുത്തരുതെന്നും ഓസില്‍ കൂട്ടിച്ചേര്‍ത്തു. തനിക്കും കുടുംബത്തിനും നിരവധി വെറുപ്പുളവാക്കുന്ന മെയിലുകള്‍, ഭീഷണി ഫോണുകള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അവഹേളനം എന്നിവ നേരിടേണ്ടി വന്നതായി ഓസിലിന്റെ പ്രസ്താവനയില്‍ പറയുന്നു.

ALSO READ: ശിവസേന ഇനി ബി.ജെ.പിയെ തുറന്നെതിര്‍ക്കും: ഉദ്ധവ് താക്കറെ

നടന്ന സംഭവങ്ങളൊക്കെ ഹൃദയത്തില്‍ കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. വംശീയതയും അവഹേളനവുമായിട്ട് എനിക്ക് ഈ കാര്യങ്ങള്‍ തോന്നുന്ന സാഹചര്യത്തില്‍ ജര്‍മനിക്കായി അന്താരാഷ്ട്രതലത്തില്‍ കളിക്കാനാകില്ല. ലോകകപ്പില്‍ ജര്‍മ്മനിയുടെ തോല്‍വിയില്‍ ഓസിലിനെ ബലിയാടാക്കുകയാണെന്ന് ആരോപണവുമായി നേരത്തെ അദ്ദേഹത്തിന്റെ പിതാവ് രംഗത്തെത്തിയിരുന്നു.

ജര്‍മനിക്കായി 92 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടിയിട്ടുണ്ട് ഓസില്‍. 2014 ലോകകപ്പ് നേടിയ ജര്‍മ്മന്‍ ടീമില്‍ അംഗമായിരുന്നു.

We use cookies to give you the best possible experience. Learn more