ക്യാപ് ടൗണ്‍: ഫലസ്തീനികള്‍ സ്വയം സംരക്ഷിക്കാന്‍ സായുധരായിരിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകനുമായ മെയ് ബുയെ മണ്ടേല.
ഗസയില്‍ ഇസ്രഈലിന് എന്തും ചെയ്യാനുള്ള ഒരു പരമാധികാരം നല്‍കപ്പെടുന്നതായി തനിക്ക് തോന്നുന്നുണ്ടെന്നും അതില്‍ താന്‍ അമേരിക്കയെ കുറ്റപ്പെടുത്തുന്നില്ല. കാരണം അവര്‍ എല്ലായിപ്പോഴും ചരിത്രത്തിന്റെ തെറ്റായ വശത്തായിരുന്നു നിന്നതെന്നും മെയ് ബുയെ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ആര്‍.ടി ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന്റെ ഇരുണ്ട നാളുകളില്‍ തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിലകൊണ്ട ഫലസ്തീന്‍ ജനതയോട് മുന്‍ ആഫ്രിക്കന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല എപ്പോഴും കടപ്പെട്ടവനായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദക്ഷിണാഫ്രിക്കയ്ക്ക് ജൂതന്മാരുമായി ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ഫലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തുകയും കുട്ടികളെയും ഗര്‍ഭിണികളെയും കൊല്ലുകയും ചെയ്യുന്ന സയണിസ്റ്റുകളുമായി ഞങ്ങള്‍ക്ക് പ്രശ്‌നമുണ്ട്.
ഇസ്രഈലിന് എന്തും ചെയ്യാനുള്ള ഒരു പരമാധികാരം ആരൊക്കെയോ നല്‍കുന്നതായി തോന്നുന്നു. ഇതില്‍ ഞാന്‍ അമേരിക്കയെ കുറ്റപ്പെടുത്തുന്നില്ല. കാരണം ചരിത്രത്തിന്റെ തെറ്റായ വശത്തായിരുന്നു എപ്പോഴും അവരുടെ സ്ഥാനം. യു.എസിന് വളരെ ശക്തമായ ധനസഹായ കേന്ദ്രങ്ങള്‍ ഉണ്ട്. ഇതെല്ലാം സംഘടിത പ്രചാരണ സംഘങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്.
നെല്‍സണ്‍ മണ്ടേലയെ അറസ്റ്റ് ചെയ്യാന്‍ യു.എസ് സി.ഐ.എ ഏജന്റ്മാരെ അയച്ചിരുന്നു. ഇതിന് അന്താരാഷ്ട്ര ശക്തികള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. ഇപ്പോള്‍ ഇസ്രഈല്‍ ഹമാസ് യുദ്ധത്തിലും സമാന സാഹചര്യങ്ങള്‍ തന്നെയാണ് ഉണ്ടാവുന്നത്.
ദക്ഷിണാഫ്രിക്ക ഇസ്രഈലിന്മേല്‍ ഉപരോധം ഏര്‍പ്പെടുത്താനും ഫലസ്തീനെ പിന്തുണയ്ക്കാന്‍ സമാധാനം ആവശ്യപ്പെടുകയും ആണ് അതിനായി ഇസ്രഈല്‍ എംബസികള്‍ നീക്കം ചെയ്യണം. കൂടാതെ ഭക്ഷ്യ മേഖലയിലെ ഇസ്രഈല്‍ ഉത്പന്നങ്ങള്‍ നീക്കം ചെയ്യപ്പെടണം. യുദ്ധത്തില്‍ ഫലസ്തീനികളും ഹമാസും സ്വയം പ്രതിരോധിക്കണം. അതിന് അവര്‍ സായുധരാകേണ്ടതുണ്ട്. മേഖലയിലെ സമാധാനം പുനസ്ഥാപിക്കാന്‍ ദ്വി രാഷ്ട്ര പരിഹാരമാണ് ഉത്തമം,’മെയ് ബുയെ പറഞ്ഞു.