World News
കത്തോലിക്കൻ ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയിൽ ഗർഭച്ഛിദ്ര നിരോധവും റദ്ദാക്കി സുപ്രീം കോടതി
മെക്സികോ സിറ്റി: ഗർഭച്ഛിദ്രം നിരോധിച്ചുകൊണ്ടുള്ള ഫെഡറൽ നിയമം റദ്ദാക്കിക്കൊണ്ട് മെക്സിക്കൻ സുപ്രീം കോടതി ഉത്തരവിറക്കി.
ഗർഭച്ഛിദ്രത്തിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ആരോഗ്യസംവിധാനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ അനുവദിക്കുമെന്നും നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവ് വീണ്ടും സ്ഥിരീകരികരിച്ചായിരുന്നു ഉത്തരവ്.
2021ൽ 11 ജഡ്ജിമാർ ഉൾപ്പെടുന്ന മെക്സിക്കൻ ഹൈക്കോടതി ഗർഭച്ഛിദ്ര നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും വടക്കൻ സംസ്ഥാനമായ കൊവീലയിൽ (Coahuila) മാത്രമായിരുന്നു ഉത്തരവ് ബാധകമായിരുന്നത്.
പുതിയ ഉത്തരവ് മെക്സിക്കോയിലുടനീളം ഗർഭച്ഛിദ്രം നടത്തുന്ന സേവനങ്ങൾ വർധിപ്പിക്കും. റോമൻ കത്തോലിക്ക മുന്നിട്ട് നിൽക്കുന്ന രാജ്യത്ത് ഗർഭച്ഛിദ്ര അവകാശത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ വലിയ വിജയമാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലാറ്റിനമേരിക്കയിൽ ഉണ്ടായിട്ടുള്ള പ്രത്യുല്പാതന അവകാശങ്ങ മുന്നേറ്റങ്ങളിൽ ഏറ്റവും പുതിയതാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
‘രണ്ട് വർഷം മുമ്പ് കൊവീലയിൽ അങ്ങനെയൊരു ഉത്തരവ് ഉണ്ടായിരുന്നില്ലെങ്കിൽ ഇങ്ങനെയൊരു വിധി ഇപ്പോൾ ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴത്തെ വിധി കൂടുതൽ ആളുകൾക്ക് പ്രയോജനകരമാകും,’ കേസ് മുന്നോട്ടുവച്ച ഇൻഫർമേഷൻ ഓൺ റിപ്രോഡക്റ്റീവ് ചോയ്സിന്റെ (ജി.ഐ.ആർ.ഇ) ഡെപ്യൂട്ടി ഡയറക്ടർ ഇസബെൽ ഫുൾഡ പറഞ്ഞു.
ഫെഡറൽ പീനൽ കോഡിനെ എതിർത്തുകൊണ്ടുള്ള ജി.ഐ.ആർ.ഇയുടെ വാദത്തിനെ കോടതി അംഗീകരിച്ചു.
ഫെഡറൽ പീനൽ കോഡിന്റെ ഗർഭച്ഛിദ്ര വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും കുട്ടികൾ ഉണ്ടാകുന്നവരുടെ അവകാശങ്ങൾ അത് ഹനിക്കുന്നുവെന്നും കണ്ടെത്തിയതായി എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവന കുറിപ്പിൽ കോടതി പറയുന്നു.
ഫെഡറൽ ആരോഗ്യ സംവിധാനങ്ങൾക്ക് ഇതോടെ ഗർഭച്ഛിദ്രം നടത്താൻ സാധിക്കുമെന്നും ആരോഗ്യമേഖല കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് മെക്സിക്കോ ആലോചിക്കുന്ന സാഹചര്യത്തിൽ ഇത് വളരെ പ്രധാനമാണെന്നും ഗർഭച്ഛിദ്ര അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവർ അഭിപ്രായപ്പെട്ടു.
വനിതാസംഘടനകൾ വിധിയിൽ സന്തോഷം പ്രകടിപ്പിച്ചപ്പോൾ ഗർഭച്ഛിദ്രത്തിനെ എതിർക്കുന്ന സംഘനകൾ വിധിയെ അപലപിച്ചു എന്ന് ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഭ്രൂണത്തോടുള്ള വിവേചനവും സ്ത്രീകളെ ഉപേക്ഷിക്കലുമാണ് ഈ വിധിയെന്ന് കോൺപാർട്ടിസിപ്പേഷൻ എന്ന സംഘടന എക്‌സിൽ കുറിച്ചു.
ലോകത്തെ രണ്ടാമത്തെ വലിയ കാത്തോലിക്കൻ രാജ്യമായ മെക്സിക്കോയിൽ പൊതുവികാരം ഗർഭച്ഛിദ്രത്തിന് എതിരായിരുന്നു. എന്നാൽ ലാറ്റിൻ അമേരിക്കയിൽ മാറ്റം വരികയാണെന്ന് ദി വാഷിങ്ടൺ പോസ്റ്റ് പറയുന്നു.
അർജന്റീന, ഉറുഗ്വേ, കൊളംബിയ എന്നീ രാജ്യങ്ങൾ ഗർഭച്ഛിദ്രം കുറ്റവിമുക്തമാക്കിയിട്ടുണ്ട്. ചിലിയിൽ നിയന്ത്രണങ്ങൾ പരിമിതമാണ്. എന്നാൽ എൽ സാൽവഡോർ, ഹോണ്ടുറാസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത് നിരോധിച്ചിട്ടുണ്ട്.
അതേസമയം, 2022ൽ യു.എസിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം സുപ്രീംകോടതി റദ്ദാക്കിയപ്പോൾ പകുതിയോളം സംസ്ഥാനങ്ങൾ ഗർഭച്ഛിദ്രത്തിനുള്ള മാർഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Content Highlight: Mexico’s Supreme Court upholds abortion rights nationwide, paving way for federal access