മെക്‌സിക്കോ സിറ്റി: ഇസ്രഈലിനെതിരായ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ച് മെക്‌സിക്കോ. ഗസയിലേക്കുള്ള മാനുഷിക സഹായത്തില്‍ നേരിടുന്ന തടസങ്ങളും സാംസ്‌കാരിക പൈതൃകത്തിന്റെ നാശവും ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം. ഇതുസംബന്ധിച്ച അപേക്ഷ മെക്‌സിക്കോ ഐ.സി.ജെയില്‍ ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
റഫയിലെ സൈനിക നടപടി ഇസ്രഈല്‍ ഉടനെ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര കോടതിയുടെ വിധി മറികടന്നുകൊണ്ട് നെതന്യാഹു സര്‍ക്കാര്‍ അതിക്രമം തുടരുന്ന സാചര്യത്തിലാണ് മെക്‌സിക്കോയുടെ തീരുമാനം. ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലാണ് റഫയിലെ സൈനിക നടപടി ഇസ്രഈല്‍ അവസാനിപ്പിക്കണമെന്നും ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്നും ഐ.സി.ജെ ഉത്തരവിട്ടത്.
ഒരു അന്താരാഷ്ട്ര ഉടമ്പടിയായതിനാല്‍ വംശഹത്യ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച എല്ലാ രാജ്യങ്ങള്‍ക്കും ഐ.സി.ജെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 63 ഇത്തരം കേസുകളില്‍ ഇടപെടാന്‍ അനുമതി നല്‍കുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ മെക്‌സിക്കോ കക്ഷി ചേരല്‍ പ്രഖ്യാപനം നടത്തിയത്. സായുധ സംഘട്ടത്തിനിടയില്‍ വംശഹത്യ നടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാക്കാമെന്ന് മെക്‌സിക്കോ ചൂണ്ടിക്കാട്ടി.
വംശഹത്യ കണ്‍വെന്‍ഷന്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിരോധിക്കുക മാത്രമല്ല ചെയ്യുന്നത്. ദേശീയവും വംശീയവും അല്ലെങ്കില്‍ മതപരമായ ഒരു ഗ്രൂപ്പിനെ മുഴുവനായോ ഭാഗികമായോ നശിപ്പിക്കാനുള്ള ശ്രമങ്ങളെയും നിരോധിക്കുന്നുവെന്ന് മെക്‌സിക്കോ പറഞ്ഞു. മാനുഷിക സഹായങ്ങളെ ബോധപൂര്‍വം തടയുന്നത് ക്രൂരതയാണെന്നും യുദ്ധക്കുറ്റമാണെന്നും മെക്‌സിക്കോ വ്യക്തമാക്കി.
മെക്സിക്കൻ പ്രസിഡന്റ് – ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ
ഫലസ്തീന്‍ സംസ്‌കാരവും പൈതൃകവും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളിയെയും മെക്‌സിക്കോ പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ II (ബി) പ്രകാരം ഒരു ജനതയുടെ ഐഡിന്റിറ്റി ഇല്ലാതാകുന്നതും കുറ്റകരമാണെന്ന് ഐ.സി.ജെ അപേക്ഷയില്‍ പറയുന്നു.
2024 ന്റെ തുടക്കത്തില്‍ തന്നെ കൊളംബിയയും ലിബിയയും വംശഹത്യാ കേസില്‍ കക്ഷി ചേരാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഈജിപ്തും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കക്ഷി ചേരുമെന്നും പ്രഖ്യാപിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 62 പ്രകാരം നിക്കരാഗ്വയും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ആര്‍ട്ടിക്കിള്‍ 63 പ്രകാരമാണ് കൊളംബിയ കേസില്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്.
മെക്‌സിക്കോയുടെ അപേക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി അംഗീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല. റഫയില്‍ ഇസ്രഈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക അല്‍.ഐ.ജെയെ സമീപിച്ചതിന് പിന്നാലെയാണ് മെക്‌സിക്കോയുടെ നീക്കം.
Content Highlight: Mexico ready to join South Africa’s genocide case against Israel