മെക്‌സിക്കോ സിറ്റി: വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ യാതൊരു ഗുരുതര കുറ്റകൃത്യവും ചെയ്തിട്ടില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രേ മാനുവല്‍ ലോപസ് ഒബ്രഡോര്‍. അസാഞ്ചെക്ക് വേണ്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി മധ്യസ്ഥത വഹിച്ചുകൊണ്ട് താന്‍ ഇക്കാര്യം പറഞ്ഞതായും മെക്‌സിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച യു.എസ് സന്ദര്‍ശിച്ച സമയത്ത്, ‘അസാഞ്ചെ ഗുരുതര കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെ’ന്ന് വിശദീകരിച്ചുകൊണ്ട് താന്‍ ജോ ബൈഡന് കത്ത് കൈമാറിയതായി ലോപസ് ഒബ്രഡോര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
”അദ്ദേഹം (അസാഞ്ചെ) ആരുടെയും മരണത്തിന് കാരണക്കാരനല്ല, ഒരു മനുഷ്യാവകാശങ്ങളും ലംഘിച്ചിട്ടില്ല, സ്വന്തം സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് ചെയ്തത്,” മെക്‌സിക്കോയിലെ ഇടതുപക്ഷ നേതാവായ ലോപസ് ഒബ്രഡോര്‍ പറഞ്ഞു.
അസാഞ്ചെയെ ജയിലിലടക്കുന്നത് ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അപമാനിക്കുന്നതിന്’ തുല്യമാണ്, എന്ന് പറഞ്ഞ മെക്‌സിക്കന്‍ പ്രസിഡന്റ് തന്റെ കത്തിന് ബൈഡനില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ബ്രിട്ടനിലെ ജയിലിലുള്ള അസാഞ്ചെയെ യു.എസിന് കൈമാറാനുള്ള നീക്കം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മെക്‌സിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം.
തന്നെ യു.എസിന് കൈമാറുന്നതിനെതിരെ അസാഞ്ചെ നിയമപോരാട്ടം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ അസാഞ്ചെക്ക് അഭയം നല്‍കാനുള്ള വാഗ്ദാനവും ലോപസ് ഒബ്രഡോര്‍ മുന്നോട്ടുവെച്ചു.
ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ 2019ല്‍ ഇക്വഡോറില്‍ വെച്ചാണ് ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ചെയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ബ്രിട്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ചെ ഉള്ളത്.
അതേസമയം ഇദ്ദേഹത്തെ ബ്രിട്ടനില്‍ നിന്നും കൈമാറ്റം ചെയ്തുകിട്ടാന്‍ അമേരിക്ക നേരത്തെ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിന് ഇപ്പോള്‍ ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുമുണ്ട്.
തന്നെ യു.എസിന് കൈമാറുന്നതിനെതിരെ ബിട്ടീഷ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള അസാഞ്ചെയുടെ അപേക്ഷ ബ്രിട്ടീഷ് കീഴ്‌ക്കോടതി നേരത്തെ തള്ളിയിരുന്നു.
ചാരപ്രവര്‍ത്തിക്കേസിലെ വിചാരണക്ക് വേണ്ടിയാണ് അസാഞ്ചെയെ അമേരിക്കക്ക് കൈമാറാന്‍ ബ്രിട്ടന്‍ അനുവദിച്ചത്. ഈ കേസില്‍ അസാഞ്ചെക്ക് യു.എസില്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നേക്കാം.
2006ല്‍ ഐസ്‌ലന്‍ഡില്‍ സ്ഥാപിക്കപ്പെട്ട വികിലീക്സ് വെബ്സൈറ്റ്, സൗദി അറേബ്യ, അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങള്‍ പൂഴ്ത്തിവെച്ചിരുന്ന സുരക്ഷാ- രഹസ്യരേഖകള്‍ പുറത്തുവിട്ടിരുന്നു.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ വിവിധ സൈനിക ഓപ്പറേഷനുകളുടെ രേഖകളാണ് 2010, 2011 വര്‍ഷങ്ങളിലായി വികിലീക്സ് പുറത്തുവിട്ടത്. ഇതിന്റെ പേരില്‍ അമേരിക്ക അസാഞ്ചെക്കെതിരെ കേസെടുക്കുകയായിരുന്നു.
യു.എസ് സേന അഫ്ഗാനിലും ഇറാഖിലും നടത്തിയ, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ, സൈനിക ഓപ്പറേഷനുകളെക്കുറിച്ചും അതില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളുമായിരുന്നു വികിലീക്‌സ് പുറത്തുവിട്ടത്.
യു.എസിന്റെ മിലിറ്ററി ഡാറ്റാബേസുകള്‍ ഹാക്ക് ചെയ്ത് സെന്‍സിറ്റീവായ വിവരങ്ങള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി, എന്നാണ് അസാഞ്ചെക്കെതിരെ യു.എസില്‍ നിലവിലുള്ള കേസ്.
നേരത്തെ വികിലീക്സിനെതിരെ കേസുകള്‍ വന്നതോടെ സ്ഥാപകനായ അസാഞ്ചെ 2012ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വീഡനില്‍ അസാഞ്ചെയ്ക്കെതിരെ ലൈംഗികാരോപണ കേസുമുണ്ടായിരുന്നു. ഇതിന്മേലുള്ള അറസ്റ്റ് തടയുന്നതിനായിരുന്നു ഇക്വഡോര്‍ എംബസിയില്‍ അദ്ദേഹം അഭയം തേടിയത്.
എന്നാല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വക്താവാണ് അസാഞ്ചെ എന്നും അതിന്റെ പേരില്‍ അദ്ദേഹം രക്തസാക്ഷിയാക്കപ്പെടുകയാണെന്നും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Mexico President writes letter on Julian Assange to US president Joe Biden, says he Committed No Serious Crime