ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ അന്താരാഷ്ട്ര ക്രിമിനൽ കോടതി ശക്തമായി ഇടപെടണം; ആവശ്യവുമായി മെക്‌സിക്കോയും ചിലിയും
World News
ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ അന്താരാഷ്ട്ര ക്രിമിനൽ കോടതി ശക്തമായി ഇടപെടണം; ആവശ്യവുമായി മെക്‌സിക്കോയും ചിലിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2024, 6:34 pm

സാന്റിയാഗോ: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തിലും വംശഹത്യയിലും വിശദമായ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് (ഐ.സി.സി) ആവശ്യപ്പെട്ട് മെക്‌സിക്കോയും ചിലിയും. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലി സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ പരിശോധിക്കുന്നതിനായി ഇരു രാജ്യങ്ങള്‍ക്കും ഐ.സി.സിക്ക് സംഘര്‍ഷത്തെ റഫര്‍ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ ഇസ്രഈല്‍ ഭരണകൂടത്തിന്റെയും സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്റുമാരുടെയും ക്രിമിനല്‍ പശ്ചാത്തലം പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന ശരിയായ ഫോറം ഐ.സി.സിയാണെന്ന് മെക്‌സിക്കോയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയില്‍ കുറ്റകൃത്യങ്ങളായി പരിഗണിക്കാന്‍ കഴിയുന്ന ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകള്‍ മെക്‌സിക്കോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തുന്ന ഏതൊരു യുദ്ധക്കുറ്റത്തിനെതിരെയും നടത്തുന്ന അന്വേഷണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ചിലി സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വിദേശകാര്യ മന്ത്രി ആല്‍ബെര്‍ട്ടോ വാന്‍ ക്ലാവെറന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധക്കുറ്റം നടക്കുന്ന രാജ്യത്തിനും സമയത്തിനുമല്ല പ്രാധാന്യം കൊടുക്കേണ്ടതെന്നും മനുഷ്യന്റെ സമാധാനത്തിനും സുരക്ഷക്കുമാണ് കൂടുതല്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇസ്രഈലിനെതിരെ ഐ.സി.ജെയില്‍ ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ ഇടപെടണമെന്ന് രാജ്യത്തെ അന്താരാഷ്ട്ര നിയമ പ്രൊഫസര്‍മാര്‍ ബെല്‍ജിയത്തോട് ആവശ്യപ്പെട്ടു. വംശഹത്യാ കണ്‍വെന്‍ഷന്‍ അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്നായ ബെല്‍ജിയം നിലവില്‍ ഇസ്രഈല്‍ നടത്തുന്ന കുറ്റകൃത്യം തടയാന്‍ ബാധ്യസ്ഥമാണെന്ന് രാജ്യത്തെ 19 പ്രൊഫസര്‍മാര്‍ ചൂണ്ടിക്കാട്ടി. ബെല്‍ജിയം ദക്ഷിണാഫ്രിക്കയുടെ പാത പിന്തുടരണമെന്നും വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കണമെന്നും പ്രൊഫസര്‍മാര്‍ ആവശ്യപ്പെട്ടു.

നിലവില്‍ കണക്കുകള്‍ നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 24,700 ആയി വര്‍ധിച്ചുവെന്നും 61,504 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈലിന്റെ ബോംബാക്രമണത്തില്‍ 142 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Mexico, Chile ask the International Court of Justice to investigate Israel’s attacks on Gaza