| Tuesday, 15th November 2022, 1:39 pm

ചില്ലറ ടീമല്ല, രണ്ടും കല്‍പിച്ചാണ് അവന്‍മാരുടെ വരവ്; ഗ്രൂപ്പ് സിയില്‍ അര്‍ജന്റീനയുടെ പണി പാളുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിനുള്ള ഫൈനല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ച് മെക്‌സിക്കോ. വെറ്ററന്‍ ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവയെയും മിഡ്ഫീല്‍ഡര്‍ ആന്ദ്രേസ് ഗര്‍ദാദോയെയും ഉള്‍പ്പെടുത്തിയാണ് മെക്‌സിക്കന്‍ കോച്ച് ജെറാര്‍ഡോ മാര്‍ട്ടീനോ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവരുടെയും അഞ്ചാം ലോകകപ്പാണിത്.

2022 ലോകകപ്പില്‍ കളിക്കുന്ന പ്രായം കൂടിയ താരങ്ങളുടെ പട്ടികയിലും ഇവരുണ്ട്. ഈ താരങ്ങളുടെ അനുഭവ സമ്പത്തിന്റെ കരുത്തില്‍ ടീം എക്കാലത്തേയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

സ്പാനിഷ് ടീമായ റയല്‍ ബെറ്റിസിന്റെ താരമാണ് 36കാരനായ ആന്ദ്രേസ് ഗര്‍ദാദോ. മെക്‌സിക്കന്‍ സെന്‍സേഷനായ ഗര്‍ദാദോക്ക് ടീമിന് വേണ്ടി ഇനിയും പലതും ചെയ്യാന്‍ സാധിക്കുമെന്നും അതിലൊന്ന് മെക്‌സിക്കോയെ കിരീടത്തിലേക്കെത്തിക്കുക എന്നതാണെന്നും കോച്ച് മാര്‍ട്ടീനോ ഉറച്ചുവിശ്വസിക്കുന്നുണ്ട്.

ഗോള്‍ വലക്ക് മുമ്പിലെ കാവല്‍ മാലാഖയായ ഒച്ചോവയെയാണ് എതിരാളികള്‍ക്ക് നേരിടാനുണ്ടാവുക. 2014ല്‍ തന്റെ മികവ് ഒന്നുകൊണ്ട് മാത്രം ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചിട്ട ഒച്ചാവോയുടെ കൈകള്‍ ഇത്തവണയും മെക്‌സിക്കോക്ക് തുണയാവുകയാണെങ്കില്‍ ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകളുടെ ഉറക്കം പോകുമെന്നുറപ്പാണ്.

പരിക്കിന്റെ പിടിയിലായ സൂപ്പര്‍ താരം ജീസസ് കൊറോണ ടീമില്ലിലാത്തതാണ് മെക്‌സിക്കോയെ അലട്ടുന്ന ഏക വസ്തുത.

ലോകകപ്പ് ഫേവറിറ്റുകളായി കണക്കാക്കുന്ന അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലാണ് മെക്‌സിക്കോ. പോളണ്ട്, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

നവംബര്‍ 22നാണ് മെക്‌സിക്കോയുടെ ആദ്യ മത്സരം. പോളണ്ടാണ് എതിരാളികള്‍. നവംബര്‍ 26ന് അര്‍ജന്റീനയോടും നവംബര്‍ 30ന് സൗദി അറേബ്യയോടുമാണ് മെക്‌സിക്കോയുടെ ശേഷിക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍.

മെക്‌സിക്കോ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍:

റോഡോള്‍ഫോ കോട്ട, ഗില്ലെര്‍മോ ഒച്ചോവ, ആല്‍ഫ്രെഡോ ടലവേര

ഡിഫന്‍ഡര്‍മാര്‍:

കെവിന്‍ അല്‍വാരസ്, നെസ്റ്റര്‍ അറൗജോ, ജെറാര്‍ഡോ ആര്‍ട്ടെഗ, ജീസസ് ഗല്ലാര്‍ഡോ, ഹെക്ടര്‍ മൊറേനോ, സെസാര്‍ മോണ്ടസ്, ജോര്‍ജ് സാഞ്ചസ്, ജോഹാന്‍ വാസ്‌ക്വെസെസ്.

മിഡ്ഫീല്‍ഡര്‍മാര്‍:

എഡ്‌സണ്‍ അല്‍വാരസ്, റോബര്‍ട്ടോ അല്‍വാറാഡോ, യൂറിയേല്‍ ആന്റുന, ലൂയിസ് ഷാവേസ് (പച്ചുക), ആന്ദ്രെസ് ഗര്‍ദാദോ, എറിക് ഗുട്ടറസ്, ഹെക്ടര്‍ ഹെരേര, ഓര്‍ബെലിന്‍ പിനേഡ, കാര്‍ലോസ് റോഡ്രിഗസ്, ലൂയിസ് റോമോ.

ഫോര്‍വേഡുകള്‍:

റൊജെലിയോ ഫ്യൂനെസ് മോറി , റൗള്‍ ജിമെനെസ്, ഹെര്‍വിങ് ലൊസാനോ, ഹെന്റി മാര്‍ട്ടിന്‍, അലക്‌സിസ് വേഗ.

Content Highlight: Mexico announces World Cup Squad

We use cookies to give you the best possible experience. Learn more