| Friday, 19th January 2024, 8:10 am

ഗസയിലെ ആക്രമണങ്ങളിൽ അന്വേഷണം വേണം; അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ മെക്സിക്കോയും ചിലിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെക്സിക്കോ സിറ്റി: ഗസയിലെ ഇസ്രഈൽ ആക്രമണങ്ങൾ അന്വേഷിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ച് ചിലിയും മെക്സിക്കോയും.

ഒക്ടോബർ ഏഴ് മുതലുള്ള യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം. സിവിലിയന്മാർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതിലെ ആശങ്കയെ തുടർന്നാണ് ആവശ്യം ഉന്നയിച്ചതെന്ന് മെക്സിക്കോയുടെ വിദേശകാര്യ വകുപ്പ് അറിയിച്ചു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കീഴിൽ യുദ്ധക്കുറ്റങ്ങളായി പരിഗണിക്കാവുന്ന സംഭവങ്ങൾ വിശദമാക്കുന്ന ഐക്യരാഷ്ട്ര സഭയിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ മെക്സിക്കോ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിലെ വിചാരണ നടപടികൾ പിന്തുടർന്ന് വരികയാണെന്ന് പറഞ്ഞ മെക്സിക്കോ ഇസ്രഈൽ സൈന്യത്തെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ടു.

യുദ്ധക്കുറ്റങ്ങളെ കുറിച്ചുള്ള അന്വേഷണത്തെ തങ്ങളുടെ രാജ്യം പിന്തുണയ്ക്കുന്നതായും അതിനായി എവിടെ വേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നും ചിലിയുടെ വിദേശകാര്യ മന്ത്രി ആൽബർട്ടോ വാൻ ക്ലാവറൻ സാന്റിയാഗോയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രാദേശിക കോടതികൾക്ക് നടപടികൾ സ്വീകരിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ യുദ്ധ കുറ്റങ്ങളിൽ വിചാരണ നടത്തുവാനുള്ള അവസാന മാർഗമാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി. എന്നാൽ ഇസ്രഈൽ കോടതിയുടെ അംഗരാജ്യമോ അതിന്റെ അധികാര പരിധിയിൽ വരികയോ ചെയ്യുന്നില്ല.

അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഇസ്രഈലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിൽ നിന്ന് വളരെ വ്യത്യസ്തമാണ് ക്രിമിനൽ കോടതിയിലെ നടപടികൾ.

അന്താരാഷ്ട്ര നീതിന്യായ കോടതി രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുമ്പോൾ, വ്യക്തികൾ നടത്തുന്ന കുറ്റകൃത്യങ്ങളാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി പരിഗണിക്കുക.

Content Highlight: Mexico and Chile call on ICC to investigate possible war crimes in Gaza

Latest Stories

We use cookies to give you the best possible experience. Learn more