| Monday, 28th November 2022, 12:21 pm

ഞാന്‍ അവനെ കാണാതിരിക്കാന്‍ അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ, അഥവാ അങ്ങനെ സംഭവിച്ചാല്‍... 'പതാക ചവിട്ടിയ' മെസിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സിങ് താരം കാനലോ അല്‍വാരസ്. അര്‍ജന്റീന മെക്‌സിക്കോ നിര്‍ണായക മത്സരത്തില്‍ വിജയം നേടിയ ശേഷം അര്‍ജന്റൈന്‍ ആരാധകര്‍ ഡ്രസിങ് റൂമില്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ ലയണല്‍ മെസി മെക്‌സിക്കന്‍ പതാക ചവിട്ടിയെന്ന് ആരോപിച്ചാണ് അല്‍വാരസ് താരത്തിനെതിരെ ഭീഷണിയുമായെത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു താരം മെസിക്കെതിരെ രംഗത്തെത്തിയത്.

‘ഞങ്ങളുടെ പതാകയും ജേഴ്‌സിയും ഉപയോഗിച്ച് അവന്‍ തറ വൃത്തിയാക്കുന്നത് കണ്ടോ?’ എന്നായിരുന്നു ഒരു ട്വീറ്റില്‍ കാനലോ കുറിച്ചത്.

‘ഞാന്‍ അവനെ കാണാതിരിക്കാന്‍ അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ,’ എന്നെഴുതി പഞ്ചിങ് ഇമോജികളും ആന്‍ഗ്രി ഇമോജികളും പങ്കുവെച്ചുകൊണ്ടായിരുന്നു കാനലോ മറ്റൊരു ട്വീറ്റ് പങ്കുവെച്ചത്.

താന്‍ എപ്രകാരമാണോ അര്‍ജന്റീനയെ ബഹുമാനിക്കുന്നത് അതുപോലെ മെസി മെക്‌സിക്കോയെയും ബഹുമാനിക്കണമെന്നും കാനലോ പറഞ്ഞു.

‘ഞാന്‍ അര്‍ജന്റീനയെ ബഹുമാനിക്കുന്നത് പോലെ നിങ്ങള്‍ മെക്‌സിക്കോയെയും ബഹുമാനിക്കണം. ഞാന്‍ അര്‍ജന്റീന എന്ന രാജ്യത്തെ കുറിച്ചല്ല മെസിയെ കുറിച്ച് മാത്രമാണ് പറയുന്നത് (Just as I respect Argentina, you have to respect Mexico- I’m not talking about the country (Argentina) I’m talking about Messi because of the blowjob he gave),’ എന്നാണ് കാനലോയുടെ മറ്റൊരു ട്വീറ്റ്.

എന്നാല്‍ പ്രസ്തുത വീഡിയോയില്‍ മെസി മെക്‌സിക്കന്‍ പതാക ചവിട്ടുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും തന്നെയില്ല. ആഘോഷത്തിനിടെ മെസി നില്‍ക്കുന്നതിന് സമീപം മെക്‌സിക്കോ ജേഴ്‌സി കിടക്കുന്നത് കാണാന്‍ സാധിക്കും.

മത്സരത്തിനിടെ ഏതെങ്കിലും താരങ്ങളുമായി മെസി ജേഴ്‌സി കൈമാറിയിരുന്നോ എന്ന കാര്യവും വ്യക്തമല്ല.

ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മെക്‌സിക്കോ- അര്‍ജന്റീന മത്സരത്തില്‍ മെസിയും സംഘവും വിജയിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.

മത്സരത്തിന്റെ 64ാം മിനിട്ടിലായിരുന്നു മെസിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ കണ്ടെത്തിയത്. ഗ്രൗണ്ടിന് വലതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് ബോക്സിന് പുറത്തു നിന്ന് മെസി അനായാസം വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിലെ മെസിയുടെ രണ്ടാമത്തെ ഗോളാണിത്.

മത്സരത്തിന്റെ 84ാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ നിന്നും എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ അര്‍ജന്റീന അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലായി.

നിര്‍ണായക മത്സരം വിജയിച്ചതോടെ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. പുറത്താകാതിരിക്കാന്‍ വിജയം അനിവാര്യമായിരുന്ന അര്‍ജന്റീനക്ക് നിലവില്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയിന്റായി.

ഇനി ഡിസംബര്‍ ഒന്നിന് പോളണ്ടുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മത്സരത്തില്‍ വിജയിച്ചാല്‍ അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ കളിക്കാം.

Content Highlight: Mexican Professional Boxer Against Lionel Messi

We use cookies to give you the best possible experience. Learn more