മെക്‌സിക്കോ സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ മൂന്ന് ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന സമാധാന കമ്മീഷന്‍ രൂപീകരിക്കാന്‍ യു.എന്നിന് രേഖാമൂലം നിര്‍ദേശം സമര്‍പ്പിക്കാനൊരുങ്ങി മെക്‌സിക്കന്‍ പ്രസിഡന്റ്.
ലോകമെമ്പാടും അഞ്ച വര്‍ഷത്തേക്ക് യുദ്ധങ്ങള്‍ നിര്‍ത്തിവെക്കുന്നതിനുള്ള ഉടമ്പടി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കമ്മീഷന്‍ രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്നത്.
അഞ്ച് വര്‍ഷത്തേക്ക് ലോക ഉടമ്പടി (World Truce) പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മോദി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രേ മാനുവല്‍ ലോപസ് ഒബ്രഡോര്‍ നിര്‍ദേശിക്കുകയെന്ന് എം.എസ്.എന്‍ വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
”ഞാന്‍ ഈ നിര്‍ദേശം രേഖാമൂലം നല്‍കും, അത് യുഎന്നില്‍ അവതരിപ്പിക്കും. ഇത് പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ഒബ്രഡോര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
യുദ്ധം നിര്‍ത്തിവെക്കുന്നതിനുള്ള അഞ്ച് വര്‍ഷത്തേക്കുള്ള ഉടമ്പടിയുടെ ഭാഗമായി ഉന്നത കമ്മീഷനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എന്‍ സെക്രട്ടറി ജനറല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഉള്‍പ്പെടണമെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
ലോകമെമ്പാടും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശം അവതരിപ്പിക്കുകയും കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും അതില്‍ ഉടമ്പടി കരാറിലെത്തുകയും ചെയ്യുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം.
”അവര്‍ മൂന്നുപേരും (മോദി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, അന്റോണിയോ ഗുട്ടറസ്) വൈകാതെ കണ്ടുമുട്ടുകയും ഉടന്‍ തന്നെ യുദ്ധം നിര്‍ത്താനുള്ള നിര്‍ദേശം അവതരിപ്പിക്കുകയും കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഉടമ്പടിയിലേര്‍പ്പെടാനുള്ള കരാറിലെത്തുകയും ചെയ്യും.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അവരുടെ ജനങ്ങളെ, പ്രത്യേകിച്ച് യുദ്ധങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകളെ പിന്തുണയ്ക്കാന്‍ തയാറാകും. പിരിമുറുക്കമില്ലാത്ത, അക്രമമില്ലാത്ത, സമാധാനത്തോടെയുള്ള അഞ്ച് വര്‍ഷം നമുക്ക് ലഭിക്കും,” ആന്‍ഡ്രേ മാനുവല്‍ ലോപസ് ഒബ്രഡോര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധസമാനമായ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മെക്‌സിക്കന്‍ പ്രസിഡന്റ് ചൈനയെയും റഷ്യയെയും അമേരിക്കയെയും സമീപിക്കുകയും സമാധാന ശ്രമങ്ങള്‍ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
തായ്‌വാന്‍, ഇസ്രഈല്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങളുടെ കാര്യത്തിലായിരിക്കും കമ്മീഷന്‍ ഉടമ്പടിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Mexican President to submit a proposal to the UN to create a global peace commission led by three leaders including PM Narendra Modi