| Wednesday, 28th April 2021, 12:45 pm

മെക്‌സിക്കോയിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ അയച്ച് ക്യൂബ; നന്ദിയറിച്ച് മെക്‌സിക്കന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെക്‌സിക്കോ സിറ്റി: കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകരെ വിട്ട് നല്‍കിയ ക്യൂബയ്ക്ക് നന്ദിയറിച്ച് മെക്‌സിക്കോ. മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രേസ് മാനുവല്‍ ലോപസ് ഒബ്രഡര്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി മിഖായേല്‍ ഡിയസ് കാനെലിനെ ഫോണില്‍ വിളിച്ചാണ് നന്ദി അറിയിച്ചത്.

1000 ആരോഗ്യപ്രവര്‍ത്തകരെയാണ് ക്യൂബ, മെക്‌സിക്കോയിലേക്ക് അയച്ചത്.

ഇരുനേതാക്കളും ലോകത്തെ കൊവിഡ് സാഹചര്യം വിലയിരുത്തകയും പരസ്പര സഹകരണം ഉറപ്പാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. നേരത്തെ കൊവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലേക്ക് ക്യൂബ ആരോഗ്യപ്രവര്‍ത്തകരെ അയച്ചിരുന്നു.

മെക്‌സിക്കോയും ക്യൂബയും തമ്മില്‍ ശക്തമായ ബന്ധമുണ്ടായിരുന്നെങ്കിലും ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകരെ ഇതിന് മുന്‍പ് മെക്‌സിക്കോ സ്വീകരിച്ചിരുന്നില്ല. അയല്‍രാജ്യമായ അമേരിക്ക ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ക്യൂബയുടെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തെ എന്നും എതിര്‍ക്കുന്ന രാജ്യമാണ് അമേരിക്ക.

അതേസമയം നിലവില്‍ ക്യൂബയില്‍ അഞ്ച് വാക്‌സിനുകളാണ് വികസിപ്പിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം മൂന്ന് പരീക്ഷണങ്ങള്‍ക്ക് ശേഷം മനുഷ്യരില്‍ കുത്തിവെക്കാന്‍ ഒരുങ്ങുകയാണ്.

അബ്ഡല, സോബറാന 2, സോബറാന 1, സോബറാന പ്ലസ്, മംബീസ എന്നിങ്ങനെയാണ് ക്യൂബയില്‍ വികസിപ്പിക്കുന്ന വാക്‌സിനുകള്‍. ഇതില്‍ സോബറാന 2 കൊവിഡിനെതിരെ മികച്ച ഫലം നല്‍കുമെന്നാണ് പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

അന്തിമപരീക്ഷണം മാത്രമാണ് സോബറാന 2 വിന് ഇനിയുള്ളത്. ഇത് കൂടി വിജയമായാല്‍ സ്വന്തമായി കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ഏക ലാറ്റിനമേരിക്കന്‍ രാജ്യമാകും ക്യൂബ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mexican president thanks Cuban counterpart for COVID support

We use cookies to give you the best possible experience. Learn more