| Saturday, 22nd December 2018, 9:15 am

മെക്‌സിക്കന്‍ മതില്‍ ബില്‍ പാസായില്ലെങ്കില്‍ അമേരിക്കയില്‍ ഭരണസ്തംഭനമെന്നു സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മെക്‌സിക്കന്‍ മതില്‍ ബില്ലിന്റെ പേരില്‍ അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മെക്‌സിക്കന്‍ മതില്‍ ബില്‍ പാസാക്കാന്‍ സെനറ്റ് വിസമ്മതിച്ചാല്‍ ഭരണസ്തംഭനം ഉണ്ടാവുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷം പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇന്നാണ് ഇത് സംബന്ധിച്ച സെനറ്റിലെ വോട്ടെടുപ്പ്.

100 അംഗ സെനറ്റില്‍ 50താണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗസംഖ്യ. ബില്‍ പാസാകണമെങ്കില്‍ 60 അംഗങ്ങളുടെ പിന്തുണ വേണം. ഡെമോക്രറ്റിക് പാര്‍ട്ടി ബില്ലിനെ പിന്തുണക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ന്യൂക്ലിയര്‍ ഓപ്ഷന്‍ വേണമെന്നാണ് ട്രംപിന്റെ ആവശ്യം.


60 അംഗങ്ങളുടെ പിന്തുണക്ക് പകരം 51 പേരുടെ പിന്തുണയില്‍ ബില്‍ പാസാക്കുന്നതാണ് ന്യൂക്ലിയര്‍ ഓപ്ഷന്‍. എന്നാല്‍, സെനറ്റിലെ റിപബ്ലിക്കന്‍ പക്ഷത്തിന് അതിനോട് യോജിപ്പില്ല. സെനറ്റ് ബില്‍ തള്ളുകയും ഭരണസ്തംഭനം ഉണ്ടാവുകയും ചെയ്താല്‍ പുതുവര്‍ഷം വരെ അത് നീളും.

ഭരണസ്തംഭനം ഉണ്ടായാല്‍ ആഭ്യന്തര സുരക്ഷാ വിഭാഗം, ഗതാഗതം, കാര്‍ഷികം, നീതിന്യായ വിഭാഗം എന്നിവയുടെ പ്രവര്‍ത്തനം നിലയ്ക്കും. എട്ടു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതുവഴി ശമ്പളം നഷ്ടമാകും.


ആയിരം കോടി ഡോളര്‍ നിര്‍മാണ ചെലവ് വരുന്ന മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതിലിന് അനുകൂലമായും വിരുദ്ധമായും ജനങ്ങള്‍ക്കിടയിലും ക്യാംപയിനുകള്‍ നടക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ നേരത്തെ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡെമോക്രറ്റുകള്‍ ഭൂരിപക്ഷം നേടിയതാണ് ട്രംപിന് തിരിച്ചടിയായത്.

We use cookies to give you the best possible experience. Learn more