കേരളത്തിലെ തിയ്യറ്ററുകളിലെല്ലാം ഇന്ന് ഉയരുന്നത് ഒരേ ആരവമാണ്. ചുവപ്പിന്റെ, തിളയ്ക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ആരവം. ടൊവീനോ തോമസ് നായകനായെത്തിയ ഒരു മെക്‌സിക്കന്‍ അപാരതയാണ് നാളുകള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ ചുവപ്പിന്റെ കരുത്തു കാണിക്കുന്ന ചിത്രമായി മാറിയിരിക്കുന്നത്.
നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐയുടെ പോരാട്ടഘട്ടത്തിന്റെ കഥയാണ് പറയുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രോമോ സോംഗും ട്രെയിലറും സൃഷ്ടിച്ച അലയൊലികള്‍ ചിത്രം ഇറങ്ങിയപ്പോഴും തിയ്യറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണെന്നാണ് ആദ്യ ദിനം പിന്നിടുമ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ക്യാമ്പസ് രാഷ്ട്രീയം പറയുന്ന ചിത്രത്തെ വിദ്യാര്‍ത്ഥി സമൂഹമാണ് ഏറ്റെടുത്തിരിക്കുന്നത്. ചെങ്കൊടിയേന്തിയും വിപ്ലവ മുദ്രാവാക്യങ്ങളും മുഴക്കിയുമാണ് ഭൂരിപക്ഷം പ്രേക്ഷകരും തിയ്യറ്ററുകളിലെത്തിയത്.
Also Read: ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും ഒരു മെക്‌സിക്കന്‍ അപാരത സിന്ദാബാദ്
ചിത്രത്തിലെ ഓരോ രംഗത്തേയും ആവേശ പൂര്‍വ്വം സ്വീകരിച്ച കാണികള്‍ തീയ്യറ്ററിനകത്തും മുദ്രാവാക്യം വിളികളും മറ്റുമായി അക്ഷരാര്‍ത്ഥത്തില്‍ തിയ്യറ്ററുകളെ ചെങ്കോട്ടകളാക്കി മാറ്റുന്നുണ്ട്. ഫെയ്‌സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന റിയാക്ഷന്‍ വീഡിയോകള്‍ ഇതിന് സാക്ഷ്യം.
കോഴിക്കോട്, പാലക്കാട്, എറണാകുളം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പസുകളില്‍ നിന്നും പാര്‍ട്ടി കൊടിയുമായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തിയ്യറ്ററുകളിലെത്തിയത്.
തിയ്യറ്ററുകളിലെ ആവേശം ഇതുപോലെ വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ ടൊവിനോയുടെ കരിയറിലെ നാഴികക്കല്ലായി ചിത്രം മാറും. നവാഗത സംവിധായകനായ ടോം ഇമ്മട്ടിയുടേയും ഭാവിയെ ചിത്രത്തിന്റെ വിജയം വലിയ തോതില്‍ നിര്‍ണ്ണയിക്കും.
നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയാമാകുന്നുണ്ട്.