[]കൊച്ചി: മെട്രോ റെയില്‍ നിര്‍മാണം പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന തരത്തിലായിരിക്കില്ലന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍.
റെയില്‍വേ, മെട്രോ റയില്‍ നിര്‍മാണങ്ങളെ പാരിസ്ഥിതികാനുമതിയില്‍ നിന്ന് പരിസ്ഥിതി വകുപ്പ് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വികസനങ്ങള്‍ പരിസ്ഥിതിക്ക് തിരിച്ചു നല്‍കുന്ന നേട്ടങ്ങള്‍ കണക്കിലെടുത്താണ് റെയില്‍വേ, മെട്രോ റയില്‍ നിര്‍മാണങ്ങളെ പരിസ്ഥിതി അനുമതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്ന് ശ്രീധരന്‍ പറഞ്ഞു.
മെട്രോറയിലിന്റെ നിര്‍മാണത്തിന് പുഴമണല്‍ അനിവാര്യമാണ്. കൊച്ചി മെട്രോ ഉറപ്പോടെ നില്‍ക്കണോ പുഴമണലിന്റെ പേരിലുള്ള പരിസ്ഥിതി ആഘാതമാണോ വലുത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മെട്രോ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഒരു പരിധിവരെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഏറെ റോഡപകടങ്ങള്‍ ഒഴിവാക്കാനും കഴിയും. മെട്രോയ്ക്കുവേണ്ടി മുറിച്ചു നീക്കുന്ന ഓരോ മരത്തിനും പകരമായി പത്തുമരങ്ങള്‍ വച്ചുപിടിപ്പിക്കുമെന്നും ശ്രിധരന്‍ വ്യക്തമാക്കി.
ഏതു വികസനപ്രവര്‍ത്തനവും പരിസ്ഥിതിക്ക് ചെറിയ ആഘാതങ്ങളുണ്ടാക്കും. കൊങ്കണ്‍ റയില്‍വേയുടെയും ദല്‍ഹി മെട്രോ റയിലിന്റെയും നിര്‍മാണ ഘട്ടത്തിലും ഇതേ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതു പരിഗണിച്ച് പദ്ധതികള്‍ ഉപേക്ഷിച്ചിരുന്നെങ്കില്‍ ദല്‍ഹി നഗരത്തിന്റേതുള്‍പ്പെടെയുള്ള ഇപ്പോഴത്തെ അവസ്ഥ സങ്കല്‍പിക്കാന്‍ പോലും ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
പുഴയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താതെയും കരിഞ്ചന്ത അനുവദിക്കാത്ത രീതിയിലുമായിരിക്കും ഡിഎംആര്‍സി പുഴയില്‍ നിന്ന് മണല്‍വാരുകയെന്ന് അദ്ദേഹം വ്യക്തമാക്കി.