ന്യൂദല്‍ഹി: ദല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ മുന്‍ ഡി.എം.ആര്‍.സി തലവന്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് ബി.ജെ.പിയുടെ നാവായിട്ടാണെന്ന് എ.എ.പി നേതാവ് അതിഷി മര്‍ലിന.
‘സ്ത്രീകളുടെ സൗജന്യ യാത്ര ഡി.എം.ആര്‍.സിയ്ക്ക് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് ശ്രീധരന്‍ ജി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മെട്രോ യാത്ര സൗജന്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ അന്നദ്ദേഹം എതിര്‍പ്പ് ഉന്നയിക്കാതിരുന്നത് എന്തു കൊണ്ടാണ്’ അതിഷി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രൊപോസല്‍ പ്രകാരം ഈ സബ്‌സിഡിയുടെ ഭാരം മറ്റുള്ളവര്‍ സഹിക്കണമായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം എതിര്‍പ്പൊന്നും ഉന്നയിച്ചില്ല. രണ്ടാമതായി എയര്‍പോര്‍ട്ട് മെട്രോ ലൈനില്‍ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എ.എ.പി സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷെ അത് തടഞ്ഞ് നിര്‍ത്തുകയാണ് കേന്ദ്രം ചെയ്തത്.
മെട്രോ ലൈന്‍ നിര്‍മിക്കുമ്പോള്‍ ശ്രീധരന്‍ ജി യ്ക്കായിരുന്നു ചുമതല. സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അദ്ദേഹം എന്താണ് ഒന്നും സംസാരിക്കാത്തത്. സി.ബി.ഐ അന്വേഷണം നടത്താതെ എല്ലാ അഡ്മിനിസ്‌ട്രേറ്റര്‍മാരെയും ബി.ജെ.പി സംരക്ഷിക്കുകയാണോ ? ഇത് കൊണ്ടാണോ ശ്രീധരന്‍ ജിയെ അവര്‍ തങ്ങളുടെ നാവാക്കി പ്രവര്‍ത്തിപ്പിക്കുന്നത്. അതിഷി ചോദിച്ചു.
വളരെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ഇ. ശ്രീധരനെന്നും ബി.ജെ.പിയെ തോളില്‍ കയറി വെടിവെയ്ക്കാന്‍ അദ്ദേഹം എന്തിനാണ് അനുവദിക്കുന്നതെന്നും അതിഷി ചോദിച്ചു. സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് പറയുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഇത്തരം മാനസികാവസ്ഥയുള്ളവരെ ഇ. ശ്രീധരന്‍ എന്തിനാണ് പിന്തുണയ്ക്കുന്നതെന്നും അതിഷി ചോദിയ്ക്കുന്നു.