ന്യൂദല്‍ഹി: സ്ത്രീകള്‍ക്ക് ദല്‍ഹി മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കാനുള്ള അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ തീരുമാനം ദല്‍ഹി മെട്രോയെ കടക്കെണിയിലെത്തിക്കുമെന്നും തീരുമാനം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇ. ശ്രീധരന്റെ കത്ത്.
ദല്‍ഹി സര്‍ക്കാരിനും കേന്ദ്രത്തിനും തുല്ല്യ പങ്കാളിത്തമുള്ള ഡി.എം.ആര്‍.സിയില്‍ ഒരാള്‍ക്ക് മാത്രം ഏകപക്ഷീയമായ തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും മെട്രോയുടെ ആദ്യത്തെ ഘട്ടം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ത്തന്നെ ഒരു വിധത്തിലുള്ള സൗജന്യ യാത്രയും അനുവദിക്കാന്‍ പാടില്ലെന്ന് നിശ്ചയിച്ചിരുന്നതാണെന്നും ഇ. ശ്രീധരന്‍ പറയുന്നു.
മെട്രോ ഉപയോഗിക്കുന്നതിനായി ജീവനക്കാരും മാനേജിങ് ഡയറക്ടര്‍മാരുമെല്ലാം ടിക്കറ്റ് എടുക്കണമെന്നും ശ്രീധരന്‍ കത്തില്‍ പറയുന്നു.
സ്ത്രീകള്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കുകയാണെങ്കില്‍ ഈ മാതൃക രാജ്യത്തെ മറ്റു മെട്രോകള്‍ക്കും കീഴ്‌വഴക്കമാകും. സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെയുള്ള നഷ്ടം ഡി.എം.ആര്‍.സിയ്ക്ക് കൊടുക്കുമെന്ന ദല്‍ഹി സര്‍ക്കാരിന്റെ നിലപാട് മോശം സാന്ത്വനപ്പെടുത്തലാണെന്നും ശ്രീധരന്‍ പറഞ്ഞു.
‘മെട്രോമാന്‍’ എന്നറിയപ്പെടുന്ന ഇ.ശ്രീധരന്റെ നേതൃത്വത്തിലാണ് ദല്‍ഹ മെട്രോ സ്ഥാപിതമായത്.
മെട്രോ തീവണ്ടികള്‍, ഡി.ടി.സി. ബസുകള്‍, ദല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ സിസ്റ്റത്തിനുകീഴിലെ ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നത്. സബ്‌സിഡി ചിലവ് ദല്‍ഹി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.