| Sunday, 21st February 2021, 4:32 pm

രാഷ്ട്രീയത്തിലേക്കിറങ്ങുന്നതില്‍ ഇ. ശ്രീധരന് ആകാംഷയുണ്ടാകാം; കേരളത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ്  നേതാവ്  ശശി തരൂര്‍ എം.പി. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതില്‍ അദ്ദേഹത്തിന് ചിലപ്പോള്‍ ആകാംഷയുണ്ടാകാം.  എന്നാല്‍ ബി.ജെ.പിയ്ക്ക് അത് കൊണ്ട് നേട്ടങ്ങളൊന്നുമുണ്ടാകില്ലെന്നും  തരൂര്‍ പറഞ്ഞു. എന്‍.ഡി.ടി.വി.യോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്തയാളാണ് ഇ. ശ്രീധരന്‍. അദ്ദേഹത്തിന് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കില്ല’, തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇ. ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്.  കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ആദ്യം ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്നും ഇ. ശ്രീധരന്‍  പറഞ്ഞു.

മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു. വാര്‍ത്താ ഏജന്‍സിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’, ഇ. ശ്രീധരന്‍ പറഞ്ഞു.

അതേസമയം  ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുമെന്നും മത്സരിക്കാന്‍ പാലക്കാട് വേണമെന്നുമാണ് ശ്രീധരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Sashi Tharoor Mp Talks About Metro Man’s Entry In Politics

We use cookies to give you the best possible experience. Learn more