| Friday, 14th July 2023, 12:23 pm

കെ.വി. തോമസ് എന്നെ കണ്ടത് മുഖ്യമന്ത്രി പറഞ്ഞിട്ട്: ഇ. ശ്രീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കെ.വി. തോമസ് തന്നെ കണ്ടതെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍. അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട് ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തിയെന്നുന്നും അദ്ദേഹം പറഞ്ഞു.

സെമി ഹൈസ്പീഡ് റെയില്‍ വേയുമായി ബന്ധപ്പെട്ട നിര്‍ദേശം താന്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ പ്രതികരണം ലഭിച്ചിട്ടില്ലെന്നും കൊച്ചിയില്‍ മാധ്യങ്ങളെ കാണവെ ശ്രീധരന്‍ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക നോട്ട് താന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹി മെട്രോയോ ഇന്ത്യന്‍ റെയില്‍വേയോ പുതിയ പദ്ധതിയുടെ നിര്‍മാണം ഏറ്റെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

‘2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഹൈസ്പീഡ് പാതയുടെ റിപ്പോര്‍ട്ട് ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. കെ. റെയിലിന് കേന്ദ്രത്തിന്റെ അനുമതി കിട്ടുമെന്ന് തോന്നുന്നില്ല.

കെ. റെയിലുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ കെ.വി. തോമസിനെ ഞാന്‍ അറിയിച്ചിട്ടുണ്ട്. അതിന്റെ പ്രതിസന്ധികളെക്കുറിച്ച് ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. തുടര്‍ന്ന് അതിന്റെ ബദല്‍ എന്ന നിലയിലാണ് സെമി ഹൈസ്പീഡ് റെയില്‍ വേയുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നത്. പദ്ധതിക്കായി വളരെ കുറച്ച് മാത്രമേ ഏറ്റെടുക്കേണ്ടി വരൂ. 18 മാസം കൊണ്ട് ഡി.പി.ആര്‍. തയ്യാറാക്കി കേന്ദ്രത്തിന് നല്‍കാന്‍ കഴിയും,’ ശ്രീധരന്‍ പറഞ്ഞു.

അതിവേഗ റെയില്‍പാത ആവശ്യമാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പദ്ധതിയുമായി ബന്ധപ്പെട്ട് എന്ത് പരിപാടിയുമായും സഹകരിക്കാന്‍ തയ്യാറാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Metro man E.  Sreedharan admitted that he had held talks with the state government regarding the high-speed rail line

We use cookies to give you the best possible experience. Learn more