| Wednesday, 12th February 2014, 5:29 pm

കൊച്ചിയില്‍ മീറ്റര്‍ പരിശോധന വ്യാപകം; മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തിയ ഓട്ടോകള്‍ക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: ഓട്ടോകളില്‍ മീറ്റര്‍ പരിശോധന നിര്‍ബന്ധമാക്കിയതിനെതിരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചെങ്കിലും പോലീസ് ഇപ്പോഴും മീറ്റര്‍ പരിശോധനയില്‍ നിന്നും പിന്‍വാങ്ങിയിട്ടില്ല.

നാല്് ദിവസം നീണ്ടുനിന്ന പണിമുടക്കിന് ശേഷം  ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യുണിയന്‍ നേതാക്കളുമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്നും മീറ്റര്‍ ചാര്‍ജ് മാത്രമേ ഈടാക്കാന്‍ പാടുള്ളൂ എന്നും നിര്‍ദേശം വെച്ച് തന്നെയാണ് സമരം ഒത്തുതീര്‍ക്കാന്‍ അധികാരികള്‍ തയ്യാറായത്.

എന്നാല്‍ കൊച്ചി കോര്‍പറേഷന്‍ അതിര്‍ത്തിയിലും തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, മരട്, ഏലൂര്‍ മുനിസിപ്പാലിറ്റികളുടെ അതിര്‍ത്തികളിലും മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തിയ 49 ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ ഇന്നലെ സിറ്റി പോലീസ് നടപടി സ്വീകരിച്ചു.

കൂടാതെ ഓട്ടം പോകാന്‍ വിസമ്മതിച്ച 20 പേര്‍ക്കെതിരെയും മദ്യപിച്ച് ഓട്ടോ ഓടിച്ച അഞ്ചു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

ജില്ലാ ഭരണകൂടത്തിനും പോലീസിനും നല്‍കിയ വാക്കു പാലിക്കാന്‍ ഇപ്പോഴും ഓട്ടോ ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി.

എന്നാല്‍ യാത്രക്കാരെയുമായി പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തില്ലെന്ന ധാരണയുടെ പുറത്താണ് സമരം പിന്‍വലിച്ചതെന്നും ധാരണയ്ക്ക് വിപരീതമായി പോലീസ് പ്രവര്‍ത്തിച്ചാല്‍ സമര പരിപാടികളിലേക്ക് വീണ്ടും കടക്കാന്‍ മടിയില്ലെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more