പെണ്ണിന്റെ ഒറ്റയടി കൊണ്ട് തീരാവുന്ന കരുത്തേ ആണുങ്ങളിന്നോളം ആര്‍ജ്ജിച്ചിട്ടുള്ളൂ
MeToo
പെണ്ണിന്റെ ഒറ്റയടി കൊണ്ട് തീരാവുന്ന കരുത്തേ ആണുങ്ങളിന്നോളം ആര്‍ജ്ജിച്ചിട്ടുള്ളൂ
ലിജീഷ് കുമാര്‍
Thursday, 4th March 2021, 2:44 pm

‘ലപ്പടി തപ്പടി ചെപ്പടി
ഇരുട്ടടി കണ്ണടി പോക്കറ്റടി
കണ്ടെടി ഞാന്‍ പൊന്നെ ‘

രസമുള്ള ഒരു പഴയ പാട്ടാണ്, ആദ്യമായി മലയാള സിനിമ കണ്ട മാപ്പിളപ്പാട്ട്, കേട്ടിട്ടുണ്ടോ? ദക്ഷിണാമൂര്‍ത്തിയുടെ സംഗീതം, എഴുതിയത് പി.ഭാസ്‌കരന്‍. സിനിമയുടെ പേര്, അമ്മ. പി.ഭാസ്‌കരന്റെ രണ്ടാമത്തെ സിനിമയായിരുന്നു ‘അമ്മ’.

ആറന്മുള പൊന്നമ്മയായിരുന്നു അമ്മയുടെ വേഷത്തില്‍. ശേഷമുള്ള ജീവിതത്തില്‍ അമ്മവേഷം മാത്രമേ ആറന്മുള പൊന്നമ്മ കെട്ടിയിട്ടുള്ളൂ. അമ്മവേഷങ്ങളഭിനയിച്ചൊടുങ്ങിയ പൊന്നമ്മമാരെക്കുറിച്ച് ഞാന്‍ പറയാം. ഈ പാട്ടു കോട്ട് ചെയ്തത് പക്ഷേ അതു പറയാനല്ല, പോക്കറ്റടിയെക്കുറിച്ച് പറയാനാണ്.

പഴയ സിനിമകള്‍ നിറയെ പോക്കറ്റടിക്കാരായിരുന്നു. ഓര്‍ക്കുന്നുണ്ടോ, മഴവില്‍ക്കാവടിയിലെ – ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഒക്കെ മാമുക്കോയയെ ? ശ്രീനിവാസന്റെയും ജഗദീഷിന്റെയും മുകേഷിന്റെയുമെല്ലാം പണ്ടത്തെ പ്രധാനപ്പെട്ട പണി പോക്കറ്റടിയായിരുന്നു. പിന്നെപ്പിന്നെ അവരെ കാണാതായി.

കാലം മാറി, മനുഷ്യന്‍ പോക്കറ്റുകള്‍ സുരക്ഷിതമാക്കാന്‍ തുടങ്ങി. അതോടെ സിനിമയും മാറി. സംഭവിച്ചത് അതാണ്. പിന്നെ സിനിമ കണ്ടത് വഴിയില്‍ പതിയിരുന്ന് മാല പിടിച്ചു പറിക്കുന്നവരേയും, ചീറിപ്പാഞ്ഞു വരുന്ന ഒമ്‌നി വാനില്‍ കടത്തിക്കൊണ്ടുപോകുന്നവരേയുമാണ്. സയന്‍സ് ലാബുകളില്‍ നിന്ന് തിരക്കഥകളിലേക്ക് ക്ലോറോഫോം കുപ്പികള്‍ തുരുതുരാ കടത്തപ്പെട്ടു.

തെരുവുകള്‍ സി.സി.ടി.വികള്‍ കൊണ്ടലങ്കരിക്കപ്പെട്ടതോടെ പുറകിലൊളിപ്പിച്ച സിറിഞ്ചും, കീശയില്‍ തിരുകിയ പഞ്ഞിക്കഷണങ്ങളും വഴിയിലെറിഞ്ഞ് അവരും മടങ്ങി.

പിന്നെ വന്നത്, കൂടെച്ചേര്‍ന്ന് കിടപ്പുമുറി വരെ പ്രവേശനം നേടിയെടുത്ത പുതിയ വില്ലന്മരാണ്. ആരോരുമറിയാതെ തക്കം പാര്‍ത്തിരുന്ന് തീര്‍ത്തു കളയാന്‍ ശേഷിയുള്ളവര്‍. ക്ലൈമാക്‌സ് ട്വിസ്റ്റില്‍ മാത്രം മുഖം മൂടി നീക്കി പുറത്തു വരുന്നവര്‍. ഇത് നമ്മള്‍ സിനിമയില്‍ മാത്രം കണ്ട ജീവിത മാറ്റമല്ല. സിനിമ കാണിച്ചു തന്ന നമ്മുടെ ജീവിതവഴിയാണ്. ഇതായിരുന്നു നാം കടന്നു വന്ന വഴി.

ദാരിദ്ര്യവും അവഗണനയും കൊണ്ട് പോക്കറ്റടി തുടങ്ങിയ മനുഷ്യരായിരുന്നു ഒരിക്കല്‍ നമ്മുടെ ചുറ്റും. ബസ്സുകളില്‍, ജീപ്പുകളില്‍, കുളിപ്പുര വിടവുകളില്‍ ഒക്കെ അവരായിരുന്നു, അവരുടെ ലൈംഗിക ദാരിദ്ര്യമായിരുന്നു. ചില നേരങ്ങളില്‍ പിടിക്കപ്പെട്ടു, തല്ലുകിട്ടി, ഓടി.
നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അങ്ങനെ പിടിക്കപ്പെട്ടാണ് ഈ പോക്കറ്റടി അവസാനിച്ചതെന്ന് ?

ഒരറ്റത്ത് നിന്ന് നമ്മളും കരുത്താര്‍ജ്ജിക്കുകയായിരുന്നു. സുരക്ഷിതരാവാനുള്ള കരുതലെടുക്കുകയായിരുന്നു. അപ്പോള്‍ അവര്‍ നമ്മളെ അപ്പാടെ കടത്തിക്കൊണ്ടു പോകാന്‍ തുടങ്ങി, ഒളിയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കാന്‍ തുടങ്ങി. ഒറ്റയ്ക്ക് കിട്ടിയാല്‍ കയറിപ്പിടിക്കാന്‍, ആളില്ലാത്തിടങ്ങളില്‍ കാത്തുനിന്നു. പോലീസുകാരില്‍ വരെ അവര്‍ക്കാളുണ്ടായിരുന്നു. എന്നിട്ടും നാമവരെയും മറികടന്നു. എങ്ങനെയായിരുന്നു അത് ?

ആളെക്കൂട്ടി നമ്മളവരെ കൈകാര്യം ചെയ്തിട്ടുണ്ട്. അവരുടെ സങ്കേതങ്ങള്‍ തകര്‍ത്തിട്ടുണ്ട്. അങ്ങനെയായിരുന്നോ, അങ്ങനെ മാത്രമായിരുന്നോ അവരെ നാമില്ലാതാക്കിയത് ?

അല്ല. നമ്മളും മാറുകയായിരുന്നു. അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന സ്ഥലങ്ങള്‍ മുഴുവന്‍ നമ്മള്‍ ക്യാമറ വലയത്തിലാക്കി. പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് മായ്ച്ച്, കയ്യേറ്റക്കാരുണ്ട് കരുതിയിരിക്കുക എന്നല്ല നമ്മളെഴുതിയത്, നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്നങ്ങോട്ട് വെടി പൊട്ടിച്ച വളര്‍ച്ചയായിരുന്നു നമ്മുടെ ശീലം.

പിന്നെ വില്ലന്‍ തേടിയത് ക്യാമറകളില്ലാത്ത ഇടങ്ങളായിരുന്നു. ക്യാമറകളില്ലാത്ത ഹോട്ടല്‍ മുറികള്‍, ക്യാമറകളില്ലാത്ത കിടപ്പുമുറികള്‍ തികച്ചും സ്വാഭാവികമായി അകത്ത് കടക്കേണ്ടത് അയാളുടെ അനിവാര്യതയായി തീര്‍ന്നു. അതിനയാള്‍ക്ക് നിങ്ങളുടെ ആളാവേണ്ടിയിരുന്നു. ലക്ഷ്യം ഒന്നു തന്നെയായിരുന്നെങ്കിലും പോക്കറ്റടിക്കാരനെക്കാളും, പിടിച്ചു പറിക്കാരനെക്കാളും മെയ് വഴക്കം അയാളാര്‍ജ്ജിക്കേണ്ടി വന്നു.

എം.എന്‍ നമ്പ്യാരുടെ കുപ്പായം അയാളഴിച്ചു വെച്ചു. അയാള്‍ ലൂസിഫറിലെ ബോബിയെപ്പോലെ ചിരിച്ചു, കണ്ണിറുക്കി, നിങ്ങള്‍ വാതില്‍ തുറന്നു കൊടുത്തു. അയാളിപ്പോള്‍ നിങ്ങളുടെ കിടപ്പുമുറിക്കകത്തുണ്ട്. താമസിയാതെ അകത്തൊളിപ്പിച്ചുവെച്ച തന്നെ അയാളെടുത്ത് പുറത്തിട്ടേക്കും. ഇനി നിങ്ങള്‍ എന്തു ചെയ്യും ?

പോക്കറ്റടിക്കാരനെ നേരിടുമ്പോള്‍, പിടിച്ചുപറിക്കാരനെ നേരിടുമ്പോള്‍ ചുറ്റുമുണ്ടായിരുന്ന തെരുവോ, ആള്‍ക്കൂട്ടമോ ഇപ്പോള്‍ നിങ്ങളുടെ ചുറ്റുമില്ല. നിങ്ങളൊറ്റയ്ക്കാണ്. അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും ? ഇതാണ് നിങ്ങളുടെ സമയം.

കാലമിത്രയും കാത്തിരുന്നത് ഈ സമയത്തിനാണ്. നാളിന്നോളം കടന്നു വന്ന പോരാട്ടങ്ങള്‍ മുഴുവനും ഈ സമയത്തിനു വേണ്ടിയായിരുന്നു. ഇവിടെയൊരു നിയമമൊക്കെയുണ്ടെന്ന് പലരും നിന്ന് മുറുമുറുത്തിട്ടും, അതൊന്നും ചെവിക്കൊള്ളാതെ വില്ലനെ ഒറ്റയ്ക്ക് നിന്ന് തല്ലി ആണുങ്ങള്‍ നായകന്മാരായ നാട് നിങ്ങളെ ഉറ്റു നോക്കുന്നു. അടിക്കണം, ആത്മവീര്യം മുഴുവനുമാര്‍ജ്ജിച്ച് ഒരടിയെങ്കിലുമടിക്കണം. നാളിന്നോളമുയര്‍ന്ന കൈയ്യടികള്‍ ഇനി നായികക്കുവേണ്ടിയും ഉയരണം.

തല്ലിത്തോല്‍പ്പിക്കാനാവും വ്യവസ്ഥയെ എന്നല്ല. തല്ലിത്തോല്‍പ്പിക്കാനാവും ആണഹന്തയുടെ ഹുങ്കിനെ എന്ന് തന്നെയാണ്. പെണ്ണിന്റെ ഒറ്റയടി കൊണ്ട് തീരാവുന്ന കരുത്തേ ആണുങ്ങളിന്നോളം ആര്‍ജ്ജിച്ചിട്ടുള്ളൂ. പ്രിയപ്പെട്ട പെണ്ണുങ്ങളേ, നമ്മളീ നില്‍ക്കുന്ന ഈ തെരുവണ്ടല്ലോ – അവിടേക്ക് നമ്മളെ എത്തിച്ച പോരാട്ടങ്ങളുടെ ഒരു വലിയ ചരിത്രമുണ്ട്. ഈ ഇടത്തെ ദുര്‍ബലമാക്കരുത്. സമരപോരാട്ടങ്ങളിലൂടെ അധിനിവേശത്തെ തൂത്തെറിഞ്ഞ ഒരു രാജ്യം, പുതിയ സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ടൊടുങ്ങുന്ന കാഴ്ച നമ്മുടെ മുമ്പിലുണ്ട്.

സഹന സമരങ്ങളുടെ തെരുവുകള്‍ അപ്രസക്തമായിത്തീര്‍ന്ന ഒരു രാജ്യം സൂക്ഷിക്കണം, ഈ തിരിച്ചു പോക്കാണ് നമ്മളെയും കാത്തിരിക്കുന്നത്. പെണ്ണ് ദുര്‍ബലയാണെന്നും, ആണുങ്ങള്‍ തൊട്ടാല്‍ തീര്‍ന്നു പോകുമെന്നും, ആണുങ്ങള്‍ക്കെപ്പോഴും കൈ ഉയര്‍ത്തി തൊടാനാവും പെണ്ണുടലുകളെയെന്നും, ചെറുത്തുനില്‍പ്പിന് പോലും കരുത്തില്ലെന്നും എഴുതിയും പറഞ്ഞും സ്ഥാപിക്കരുത്.

മീറ്റൂകളോട് മുഖം തിരിക്കുകയല്ല ഞാന്‍. ഒരു വരി കൂടെ അധികമെഴുതിയ ഒരു മീറ്റൂ ഞാന്‍ കാത്തിരിക്കുന്നുണ്ട് എന്നാണ് പറഞ്ഞു വരുന്നത്. പോക്കറ്റടിക്കാരനെ കാട്ടിക്കൊടുത്ത, പിടിച്ചു പറിക്കാരനെ കൈകാര്യം ചെയ്ത ധൈര്യത്തെ ശ്ലാഘിച്ച് തന്നെയാണ് ഇത്രയുമെഴുതിയത്. കിടപ്പുമുറിയില്‍ കയറി വരുന്നവന് താനൊരു നായികയുടെ കിടപ്പുമുറിയിലാണ് കയറിവന്നത് എന്ന് തോന്നലുണ്ടാവുന്നിടത്തേക്ക് ഈ പോരാട്ടം മാറേണ്ടതുണ്ട്. എതിര് നില്‍ക്കാന്‍ ശേഷിയുണ്ട് പെണ്ണിന്, എനിക്ക് സംശയമില്ല.

‘എതിര്’ എന്നൊരു പുസ്തകമുണ്ട്, എം.കുഞ്ഞാമന്റെ ആത്മകഥ. അതില്‍ തുല്‍ജാപ്പൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസര്‍ ആയിരുന്ന കാലത്തെ കുഞ്ഞാമന്‍ ഓര്‍മിക്കുന്നുണ്ട്. ഒരു ദിവസം ക്ലാസ് റൂമില്‍ വെച്ച്, ദളിതര്‍ വെല്ലുവിളികളോട് വേഗതയില്‍ പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞു കുഞ്ഞാമന്‍. ആ ക്ലാസ് കഴിഞ്ഞതും ഒരു കുട്ടി വന്ന് കുഞ്ഞാമനോട് പറഞ്ഞു, ”എനിക്ക് സാര്‍ പറഞ്ഞതില്‍ അഭിപ്രായവ്യത്യാസമുണ്ട്.” കുഞ്ഞാമന്‍ മറുപടി പറഞ്ഞു, ”താങ്കളുടെ ഈ പ്രതികരണത്തില്‍ നിന്ന് തന്നെ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു കഴിഞ്ഞു. കാരണം, എന്നെ ക്ലാസില്‍ വെച്ചു തന്നെ ചോദ്യം ചെയ്യണമായിരുന്നു. പുറത്തിറങ്ങി വന്ന് വ്യക്തിപരമായി അതെന്നോടുപറയുന്നതില്‍ കാര്യമില്ല.”

അവിടെ വെച്ച്, ആ മുറിയില്‍ വെച്ച് നാം എതിരാവേണ്ടതുണ്ട്. ഉയര്‍ത്താന്‍ ശ്രമിച്ചിട്ടും പൊങ്ങാതെ പോയ കൈയ്യെ, നാളിന്നോളം അനുഭവിച്ച ട്രോമയെ ഒന്നുമൊന്നും കാണാതെയല്ല ഞാനിതെഴുതുന്നത്. ഇല്ല എന്ന് പറഞ്ഞു കൊണ്ടിരുന്നാല്‍ ഉണ്ടാവില്ല, ശക്തിയായാലും പ്രതീക്ഷയായാലുമൊക്കെ ഇങ്ങനാണ്. ഉണ്ട്, ഉണ്ട് എന്ന് പറഞ്ഞ് പറഞ്ഞാണ് നാം നമ്മെ പാകപ്പെടുത്തേണ്ടത്. അങ്ങ് ടോണി മോറിസണിലൂടെ ഭാഗ്യലക്ഷ്മിയിലൂടെ നാം തന്നെ വെട്ടിയെടുത്ത ഒരു വഴിയുണ്ട്. ആ വഴിയാണ് വഴി.

കുഞ്ഞാമന്‍ ദളിതുകളെ കുറിച്ചാണ് പറഞ്ഞത്. ദളിതുകളെന്നാല്‍ ഇന്ന് സ്ത്രീകള്‍ എന്ന് കൂടിയാണര്‍ത്ഥം. ദളിതുകളെ സംരക്ഷിക്കാന്‍, ആദിവാസികള്‍ക്ക് ഭൂമി കൊടുക്കാന്‍ ഒക്കെ ഇവിടെ നിയമങ്ങളുണ്ട്. അതിനു മുമ്പില്‍ പോയി എത്ര നാള്‍ കൈ നീട്ടി നിന്നു. ഇതല്ല വഴിയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് മുത്തങ്ങ കത്തിച്ച് അവര്‍ തുടങ്ങുന്നത്. നിയമം ഒന്നും ചെയ്യാത്തതു കൊണ്ടാണ് കര്‍ഷകര്‍ തെരുവില്‍ സമരമിരിക്കുന്നത്. ഏത് നിയമത്തിനാണ് നാം നമ്മെ നിസ്സഹായമായ വിട്ടു കൊടുക്കുന്നത്, നിങ്ങള്‍ കൊത്തിപ്പറിച്ച ശരീരം നിങ്ങള്‍ക്കെടുത്തു കൂടേ എന്ന് ചോദിക്കുന്ന ചീഫ് ജസ്റ്റിസുമാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥയ്‌ക്കോ ?

എങ്കിലും നിയമമുണ്ട്, നിയമമുണ്ടാവേണ്ടതുമുണ്ട്. നിയമത്തെ മാത്രം കാത്തിരിക്കേണ്ടി വരുന്ന മനുഷ്യരുമുണ്ട്. അവരുടെ കരുത്തും പ്രതീക്ഷയും ആ നിയമത്തിലാണ്, എനിക്കറിയാം. അതുപോലെ ഒരുപാട് പേരുടെ കരുത്തും പ്രതീക്ഷയുമാണ് നിങ്ങളെന്ന് പക്ഷേ, നിങ്ങള്‍ക്കറിയുമോ ?

ഓപ്പറേഷന്‍ ജാവ എന്ന സിനിമയില്‍ പി.ബാലചന്ദ്രന്റെ കഥാപാത്രം സൈബര്‍ സെല്ലിലെത്തുന്ന ഒരു രംഗമുണ്ട്. എന്റെ അറുപതിനായിരം രൂപ എനിക്കിപ്പക്കിട്ടണം എന്നു പറഞ്ഞാണ് അയാളുടെ വരവ്. ”ഞാനിങ്ങനെ കാറോടിച്ച് വരികയായിരുന്നു. ഒരു പെണ്‍കുട്ടി എന്നെ വിളിച്ച് എന്റെ കാര്‍ഡ് എക്‌സപയേര്‍ഡായെന്ന് പറഞ്ഞു, എന്നോടൊരു ഒ.ടി.പി ചോദിച്ചു. ഞാനതു കൊടുത്തതും അപ്പൊപ്പോയി മുപ്പതിനായിരം. ഓഫീസിലെത്തിയതും ഒരു മുപ്പതിനായിരം കൂടെപ്പോയി.

” സാറേത് ഓഫീസിലാണ് എന്ന പോലീസുകാരുടെ ചോദ്യത്തിന്, ഞാനിവിടുത്തെ ബാങ്ക് മാനേജരാണ് എന്നയാളുത്തരം പറഞ്ഞതും തീയേറ്ററില്‍ നിന്നുയര്‍ന്ന ഒരു ചിരിയുണ്ട്. ആ ചിരി ഒരു സൂചനയാണ്. ഒരു സാധാരണ മനുഷ്യന് കിട്ടുന്ന പരിഗണന ഈ സമൂഹം, ഇത്തരമൊരമളിയില്‍ ബാങ്ക് മാനേജര്‍ക്ക് കൊടുക്കില്ല എന്നതാണ് ആ ചിരിയുടെ ഉള്ളടക്കം.

പൊതുവിടങ്ങളിലേക്ക് നടന്നെത്തിയവര്‍ ആ ചിരി പ്രതീക്ഷിക്കണം. നിങ്ങളില്‍ സമൂഹം പ്രതീക്ഷിക്കുന്ന ഒരുള്‍ക്കരുത്തുണ്ട്. ഇപ്പോഴും വീടു വിട്ടിറങ്ങാത്തവര്‍ക്ക് പുറത്തേക്ക് നടക്കാനുള്ള പാലം പണിയേണ്ടത് ആ ഉള്‍ക്കരുത്ത് കൊണ്ടാണ്. ചിരി പകരുന്ന പോലെ, പകര്‍ച്ചവ്യാധികള്‍ പകരുന്ന പോലെ, പകരരുത് കരച്ചില്‍. പകരേണ്ടത് കരുത്താണ്. പോലീസ് സ്റ്റേഷനുകളും, കോടതികളും ഒക്കെ ഉണ്ട്. നായികമാര്‍ക്ക് പക്ഷേ അതൊന്നും വേണ്ടെന്നേ, നായികമാരിലാണ് ഭാവി. നായികമാരിലാണ് തുല്യത, നായികമാരിലാണ് വസന്തം.

ഒരു മീറ്റൂ വരും, അതവസാനിക്കുന്നത് ഇങ്ങനെയായിരിക്കും. ”നിങ്ങളും അവനെ സൂക്ഷിക്കണം, അന്നവന്റെ മുഖമടച്ച് ഞാനൊരടിയടിച്ചിരുന്നു. തീര്‍ന്നു പോയി അവന്‍. അത്രയേയുള്ളൂ, അവനെന്നല്ല ഏതാണും”

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MeToo Lijeesh Kumar Article