മീടു; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സെറ്റയിന് 23 വര്‍ഷം തടവ് ശിക്ഷ
MeToo
മീടു; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സെറ്റയിന് 23 വര്‍ഷം തടവ് ശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th March 2020, 8:59 pm

ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സെറ്റയിന് എതിരായ ലൈംഗീക അതിക്രമ കേസുകളില്‍ ശിക്ഷ വിധിച്ച് കോടതി. 23 വര്‍ഷത്തേക്കാണ് വെയിന്‍സെറ്റയിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഹാര്‍വിക്കെതിരെ ഉയര്‍ന്ന അഞ്ചുകേസുകളില്‍ രണ്ടണ്ണത്തില്‍ കുറ്റക്കാരനാണെന്നാണ് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയത്.ലോകമെമ്പാടും ലൈംഗീക അതിക്രമങ്ങള്‍ തുറന്നുപറയുന്ന മീടു പ്രസ്ഥാനം ആരംഭിക്കുന്നതിന് തന്നെ കാരണക്കാരനായിരുന്നു ഹാര്‍വി വെയിന്‍സെറ്റയിന്‍.

ഇയാള്‍ക്കെതിരെ നിരവധി വനിതകള്‍ രംഗത്ത് എത്തിയിരുന്നു. സിനിമകളിലേക്കുള്ള അവസരത്തിന് പ്രത്യുപകാരമായി ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുകയും വഴങ്ങാത്തവരെ ശാരീരികമായി കീഴ്പ്പെടുത്തുകയും ചെയ്യ്തു എന്നതായിരുന്നു ഹാര്‍വിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.

ഉഭയസമ്മതത്തോടെയാണ് ഇവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു ഹാര്‍വിയുടെ വാദം. എന്നാല്‍ കോടതി ഈ വാദത്തിനെ തള്ളികളയുകയായിരുന്നു.

എണ്‍പതിലേറെ വനിതകളായിരുന്നു ഹാര്‍വിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. നടി ആഞ്ജലീന ജോളിയടക്കമുള്ള താരങ്ങളാണ് ഹാര്‍വിക്കെതിരെ മീടുവുമായി രംഗത്ത് എത്തിയത്.

ഹോളിവുഡില്‍ ആരംഭിച്ച മീടു പ്രസ്ഥാനം ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. ഇന്ത്യയിലും നിരവധി സ്ത്രീകളാണ് തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്ത് എത്തിയത്.

DoolNews Video