മീടു; ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അദ്ധ്യാപകനെതിരെ ലൈംഗികാരോപണം
MeToo
മീടു; ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അദ്ധ്യാപകനെതിരെ ലൈംഗികാരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th October 2018, 11:38 am

മുംബൈ: ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി (ടിസ്സ്) ലെ അദ്ധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനി. ടിസ്സില്‍ നിന്നും 2006ല്‍ ബിരുദം പൂര്‍ത്തയാക്കിയ പ്രീതി കൃഷ്ണയാണ് തന്റെ ഗ്രാജുവേറ്റ് അഡൈ്വസറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രീതി തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. കുറ്റാരോപിതന്‍ തന്റെ അധികാരവും സ്ഥാനവും ദുരുപയോഗം ചെയ്ത തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പ്രീതി പറഞ്ഞത്.

ടിസ്സില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ വലിയ അരക്ഷിതാവസ്ഥ നേരിട്ടിരുന്നു. എനിക്ക് നോ പറയാനോ പരാതി നല്‍കാനോ ഉള്ള ധൈര്യം അപ്പോള്‍ ഉണ്ടായിരുന്നില്ല പ്രീതി പറഞ്ഞു.ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മീടു മൂവ്മെന്റാണ് ഇത് തുറന്നു പറയാന്‍ ധൈര്യം നല്‍കിയതെന്നും പ്രീതി പറഞ്ഞു

ഇപ്പോഴും ടിസ്സില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അദ്ധ്യാപകനില്‍ നിന്നും തനിക്കുണ്ടായ തരത്തിലുള്ള അനുഭവം മറ്റുള്ളവര്‍ക്കും ഉണ്ടായിരിക്കാനിടയുള്ളതു കൊണ്ടാണ് താനിത് ഇപ്പോള്‍ തുറന്നു പറയുന്നതെന്നും പ്രീതി പറഞ്ഞു. അന്വേഷണം നടത്തുകയാണെങ്കില്‍ ടിസ്സുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും പ്രീതി പറഞ്ഞു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി പോലും കുറ്റാരോപിതനെ തനിക്ക് കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രീതി അറിയിച്ചു.

സംഭവത്തില്‍ അന്വഷണം ആരംഭിച്ചതായി ടിസ്സ് അറിയച്ചു. ഒരു സ്ഥാപനം എന്ന നിലക്ക് ലൈംഗികാതിക്രമങ്ങളോട് ഞങ്ങള്‍ ഒരു തരത്തിലുള്ള സഹിഷ്ണുതയും വച്ചുപുലര്‍ത്തില്ല. ഇത്തരം പരാതികള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. സംഭവത്തെക്കുറിച്ചറിഞ്ഞയുടന്‍ ഞങ്ങള്‍ പരാതിക്കാരിയുമായി സംസാരിച്ചു. അന്വേഷണത്തിന് ശേഷം അനുയോജ്യമായ നടപടികളെടുക്കും ടിസ്സ് ഡയറക്ടര്‍ ശാലിനി ഭാരത് പറഞ്ഞു.