ന്യൂദല്‍ഹി: ടൈംസ് ഓഫ് ഇന്ത്യ മുന്‍ സീനിയര്‍ എഡിറ്റര്‍ കെ ആര്‍ ശ്രീനിവാസിനെതിരെ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സന്ധ്യ മേനോന്‍, സിനിമ-നാടക നിരൂപക കിരണ്‍ നഗര്‍ക്കര്‍ എന്നിവര്‍ ടിറ്റ്വറില്‍ പീഡനാരോപണം ഉന്നയിച്ചു. ഇതിനെ ചുവടുപിടിച്ച് മറ്റനവധി സ്ത്രീകളും ശ്രീനിവാസിനെതിരെ സമാനാരോപണങ്ങള്‍ ഉന്നയിച്ച് മുന്നോട്ട് വന്നു.
ആരോപണങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പരിശോധിക്കട്ടെയെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ശ്രീനിവാസ് ഫസ്റ്റ്പോസ്റ്റിനോട് പ്രതികരിച്ചു. 2008 ലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നതെന്ന് സന്ധ്യ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ ഗൗതം അധികാരി, മാധ്യമപ്രവര്‍ത്തകന്‍ സദാനന്ദ് മേനോന്‍, എന്നിവര്‍ക്കെതിരെ പീഡനാരോപണങ്ങള്‍ നിലനിലക്കുന്നുണ്ട്. ആരോപണത്തെത്തുടര്‍ന്ന് സദാനന്ദ് ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തിലെ അദ്ധ്യാപനവൃത്തിയില്‍ നിന്നും രാജി വെച്ചിരുന്നു.
അതിനിടെ ബിസിനസ് ഇന്‍സൈഡറിലെ മായങ്ക് ജെയിനിനെതിരെ പത്രപ്രവര്‍ത്തക അനൂ ഭുയാന്‍, ഫെമിനിസം ഇന്‍ ഇന്ത്യ എഡിറ്റര്‍ ജപ്ലീന്‍ പസ്രിച്ചയും പീഡനാരോപണങ്ങളുമായി രംഗത്തുണ്ട്.
നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത പീഡനാരോപണം നടത്തിയതിനു പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഓള്‍ ഇന്ത്യ ബക്ചോദിലെ സ്റ്റാന്റപ്പ് കൊമേഡിയന്‍ ഉത്സവ് ചക്രവര്‍ത്തിക്കെതിരെയുണ്ടായ ആരോപണവും തുടര്‍നടപടികളും MeToo ക്യാമ്പയ്നിനു പുത്തനുണര്‍വ്വു നല്‍കി.
ക്യാമ്പയ്ന്‍ അതീവതാല്‍പര്യത്തോടെ ചര്‍ച്ചചെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വെളിപ്പെടുത്തലുകള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നത് നോക്കിക്കാണേണ്ടിയിരിക്കുന്നു.