Entertainment
ഇനി ആ നടനെ കാണുമ്പോൾ എനിക്ക് ചോദിക്കണം, ഹലോ എന്നെ ഓർമയുണ്ടോയെന്ന്: മേതിൽ ദേവിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 13, 06:44 am
Friday, 13th September 2024, 12:14 pm

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരമടക്കം നേടിയ മോഹിനിയാട്ട കലാകാരിയാണ് മേതിൽ ദേവിക. മേതിൽ ദേവിക ആദ്യമായി നായികയാവുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബിജു മേനോൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.

ആദ്യമായി അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മേതിൽ ദേവിക. സിനിമയിൽ ബിജു മേനോനിനൊപ്പമാണ് താൻ അഭിനയിക്കുന്നതെന്നും ഭാവിയിൽ ഒരുപക്ഷെ അദ്ദേഹത്തിന് തന്നെ ഓർമയുണ്ടാവില്ലെന്നും മേതിൽ ദേവിക തമാശ രൂപേണ പറയുന്നു. ലൊക്കേഷനിൽ ഒരുപാട് ദിവസം കഴിഞ്ഞാണ് തങ്ങൾ സംസാരിക്കാൻ തുടങ്ങിയതെന്നും സിനിമയിലെ ക്രൂവിനെ കുറിച്ചായിരുന്നു തന്റെ പേടിയെന്നും മേതിൽ ദേവിക പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു മേതിൽ ദേവിക.

‘ഈ സിനിമയിൽ ബിജു മേനോനാണ് എന്റെ ഓപ്പോസിറ്റുള്ള ലീഡ് ആക്ടർ. എനിക്ക് തോന്നുന്നില്ല, ഭാവിയിൽ അദ്ദേഹത്തിന് ഞാൻ കൂടെ അഭിനയിച്ചത് ഓർമയുണ്ടാവുമോയെന്ന്.

ഇനി കാണുമ്പോൾ എനിക്ക് ചോദിക്കണം, ഹലോ ഇത് ഞാനാണ്, എന്നെ ഓർമയുണ്ടോയെന്ന്. സെറ്റിൽ കുറെ ദിവസം കഴിഞ്ഞാണ് ഞങ്ങൾ സംസാരിക്കാനൊക്കെ തുടങ്ങിയത്. ഒരു കണക്കിന് ഞാനും അങ്ങനെയാണ്.

സെറ്റിൽ ഞാനും അതുപോലെയായിരുന്നു. പക്ഷെ നല്ല അനുഭവമായിരുന്നു. എന്നെ സംബന്ധിച്ച് ആദ്യത്തെ ദിവസം മാത്രമായിരുന്നു ഒരു പേടി ഉണ്ടായിരുന്നത്. കൂടെ അഭിനയിക്കുന്നവരെ ഓർത്തല്ല, ക്രൂവിനെ കുറിച്ചാണ്.

എനിക്ക് ഓർമയുണ്ട്, സിനിമയിലെ സഹ സംവിധായകൻ വന്നിട്ട്, ദാ ഈ ഡയലോഗ് ഇങ്ങനെ പറയണമെന്ന് ഓരോ സീനിലും പറയുമായിരുന്നു. പിന്നെ അതൊക്കെ പറയാതെയായി. വോയ്സിന്റെ മോഡുലേഷനൊക്കെ ശ്രദ്ധിക്കണമല്ലോ.

ഇതിലെ ഡബ്ബിങ്ങൊക്കെ ഞാനാണ് ചെയ്തത്. എനിക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റിയ ഒരു മീഡിയമാണ് സിനിമയെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നുണ്ട്,’മേതിൽ ദേവിക പറയുന്നു.

 

Content Highlight: Methil Devika Talk About Her First Movie With Biju Menon