| Thursday, 19th January 2023, 10:02 pm

'ഒരുവന് ഒരുത്തി, ഒരുത്തിക്ക് ഒരുവന്‍' ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു; അതിന് ചില ഗുണങ്ങളുണ്ട്: മേതില്‍ ദേവിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹത്തെയും ദാമ്പത്യജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് മേതില്‍ ദേവിക. തന്റെ രണ്ട് വിവാഹബന്ധങ്ങളും പിരിഞ്ഞത് ഏറെ വേദനിപ്പിച്ച അനുഭവമായിരുന്നെന്ന് ദേവിക പറഞ്ഞു.

ജീവിതകാലം മുഴുവന്‍ ഒരാളോടൊപ്പം കഴിയുക എന്ന സങ്കല്‍പം ശരിയാണെന്ന് ഇടക്ക് തനിക്ക് തോന്നാറുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരുടെയും കാര്യത്തില്‍ അങ്ങനെയായിരിക്കില്ലെന്നും ദേവിക അഭിപ്രായപ്പെട്ടു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന ടോക്ക്‌ഷോയില്‍ സംസാരിക്കുകയായിരുന്നു ദേവിക.

‘രണ്ട് വിവാഹങ്ങള്‍ എന്നാല്‍ രണ്ട് ജന്മങ്ങള്‍ പോലെയാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു ബന്ധത്തിന്റെ കാര്യത്തില്‍ അവള്‍ തന്നെ പൂര്‍ണമായും നല്‍കും. ഒരു ജന്മത്തില്‍ രണ്ട് തവണ അത്തരം അനുഭവത്തിലൂടെ കടന്നുപോകുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ രണ്ട് വിവാഹമോചനങ്ങള്‍ എനിക്ക് വളരെ ട്രോമാറ്റിക്കായ അനുഭവമായിരുന്നു.

പഴയ തത്വങ്ങള്‍ തന്നെയാണ് നല്ലതെന്ന് ഇപ്പോള്‍, ഇടക്കെല്ലാം ഞാന്‍ കരുതാറുണ്ട്. സംഘമീര സാഹിത്യത്തില്‍ പറയും പോലെ, ‘ഒരുവന് ഒരുത്തി, ഒരുത്തിക്ക് ഒരുവന്‍’ അങ്ങനെ. അതിന് അതിന്റേതായ ഗുണങ്ങളുണ്ട്.

അങ്ങനെയല്ലാതാകുമ്പോള്‍, എന്നെ പോലെ ഒരു കാര്യവുമില്ലാതെ സെന്‍സിറ്റീവായ വ്യക്തികളുടെ ജീവിതത്തെ അത് തകിടം മറിക്കും. നമ്മളെ വല്ലാതെ ഡിസ്റ്റര്‍ബ് ചെയ്യും. എല്ലാവരുടെയും കാര്യത്തില്‍ അങ്ങനെയാകണമെന്നില്ല. എന്നെ പോലുള്ളവരുടെ കാര്യമാണ് പറഞ്ഞത്.

ഇനി അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഡിറ്റാച്ച്ഡായിരിക്കണം.ഞാന്‍ അങ്ങനെയല്ല, പ്രാഗ്മാറ്റിക്കായ ഒരാളേ അല്ല ഞാന്‍. ദൈവത്തോട് ഒരു കാര്യം ചോദിക്കണമെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. എല്ലാം തന്നപ്പോഴും എന്തുകൊണ്ടാണ് വിവാഹബന്ധങ്ങളില്‍ എന്നെ ഇത്രമാത്രം ബുദ്ധിമുട്ടിച്ചത് എന്ന് എനിക്ക് ദൈവത്തോട് ചോദിക്കണം.

ഞാന്‍ ബന്ധത്തിലുണ്ടായിരുന്ന മനുഷ്യരെ കുറിച്ചല്ല ഇത് പറയുന്നത്, ബന്ധങ്ങളെ കുറിച്ച് മാത്രമാണ്. രണ്ട് ബന്ധങ്ങളും വിവാഹമോചനങ്ങളും ഒന്നും എനിക്ക് എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ മള്‍ട്ടിപ്പിള്‍ റിലേഷന്‍ഷിപ്പ്‌സ് ഞാന്‍ ആരോടും ഉപദേശിക്കില്ല.

പൂര്‍ണമായും ഉറപ്പുണ്ടെങ്കിലേ കല്യാണം കഴിക്കാവു. പക്ഷെ കല്യാണത്തിന് മുമ്പ് ഡേറ്റ് ചെയ്യലൊന്നും നമ്മുടെ ഇവിടെ ഇല്ലല്ലോ,’ മേതില്‍ ദേവിക പറഞ്ഞു.

Content Highlight: Methil Devika about her marital life and divorces

We use cookies to give you the best possible experience. Learn more