| Saturday, 24th July 2021, 4:08 pm

നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കേരളത്തില്‍ കനത്ത മഴക്ക് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നിലവില്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്.

നാളെ 14 ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.

ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് വീണതെങ്കിലും അപകടമുണ്ടായില്ല.

മലപ്പുറം ജില്ലയുടെ മലയോര മേഖലയിലെ പുഴകള്‍ കരകവിഞ്ഞതേടെ 15 കുടുംബങ്ങളേയും എട്ട് അതിഥി തൊഴിലാളികളേയും മാറ്റിപ്പാര്‍പ്പിച്ചു.
നിലമ്പൂര്‍ ആഢ്യന്‍പാറക്കടുത്ത കാഞ്ഞിരപ്പുഴയിലെ മലവെള്ളപ്പാച്ചിലിനു പിന്നാലെ അകമ്പാടം വില്ലേജിലെ എട്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ചോക്കാട് വള്ളിപ്പുളയില്‍ പുഴ ഗതി മാറി ഒഴുകിയതോടെ ഒറ്റപ്പെട്ട ഏഴ് കുടുംബങ്ങളെ ബന്ധുവീടുകളില്‍ താമസിപ്പിച്ചു.

We use cookies to give you the best possible experience. Learn more