ന്യൂയോര്‍ക്ക്: ട്വിറ്ററിന് പിന്നാലെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മെറ്റയും. 11,000ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. കമ്പനിയുടെ 13% ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.
18 വര്‍ഷത്തിനിടക്ക് ഇതാദ്യമായാണ് മെറ്റ ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്. കണക്കുകള്‍ പ്രകാരം കമ്പനിയില്‍ 87,000 ജീവനക്കാരാണുള്ളത്.
‘ഓണ്‍ലൈന്‍ കൊമേഴ്‌സ് മുന്‍കാല ട്രന്‍ഡുകളില്‍ എത്താതിരിക്കുക, മാക്രോ ഇക്കണോമിക് മാന്ദ്യം, വര്‍ധിച്ച കോമ്പറ്റീഷന്‍, പരസ്യ സിഗ്നല്‍ നഷ്ടം എന്നീ കാരണങ്ങള്‍ നമ്മുടെ വരുമാനം ഞാന്‍ പ്രതീക്ഷിച്ചതിലും കുറവ് വരാന്‍ കാരണമായി. എനിക്കതില്‍ തെറ്റുപറ്റിപ്പോയി അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു,’ എന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.
ഈ കൊല്ലം സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ ഇടിവാണ് മെറ്റയ്ക്ക് നേരിടേണ്ടി വന്നത്. വരുമാനത്തില്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും അതിനാല്‍ തന്നെ അടുത്ത കൊല്ലവും കമ്പനിയുടെ വിപണിമൂല്യം കുറയാനിടയുണ്ടെന്നും ഒക്ടോബറില്‍ തന്നെ കമ്പനി മുന്‍കൂട്ടിക്കണ്ടിരുന്നു.
ആഗോള സാമ്പത്തികമാന്ദ്യം, ടിക് ടോക്കില്‍ നിന്ന് നേരിടുന്ന കടുത്ത മത്സരം, സ്വകാര്യതാ നയത്തില്‍ ആപ്പിള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, നിയന്ത്രണ ചട്ടങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ തുടങ്ങിയവ മൂലമുള്ള പ്രതിസന്ധികളും കമ്പനി നേരിടുന്നുണ്ട്.
മെറ്റവേഴ്‌സില്‍ വലിയതോതില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഇതുവരെ മെറ്റയ്ക്ക് കാര്യമായ ഗുണമൊന്നും നല്‍കിയിട്ടില്ല. ഭാവിയെ കണ്ടുള്ള നിക്ഷേപമാണ് ഇതെന്നും, മെറ്റാവേഴ്‌സില്‍ നിന്നുള്ള വരുമാനം ലഭിക്കാന്‍ അടുത്ത് പത്ത് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ പറയുന്നത്.
അതിനാല്‍ തന്നെ മറ്റ് വഴികളില്‍ കൂടി ചെലവ് ചുരുക്കാന്‍ ആലോചിക്കുകയാണ് മെറ്റ. ചില അനാവശ്യ പ്രൊജക്ടുകള്‍ പൂട്ടുക. ആളുകളെ എടുക്കുന്നത് താല്‍കാലികമായി നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് മെറ്റ ആലോചിക്കുന്നത്. തങ്ങളുടെ ന്യൂസ് ബിസിനസ് പ്രൊജക്ടുകള്‍ അവസാനിപ്പിക്കാന്‍ മെറ്റ തീരുമാനിച്ചിട്ടുണ്ട്.
ജീവനക്കാരുടെ നിയമനത്തിലും മുതല്‍മുടക്കിലും കുറവ് വരുത്തണമെന്ന് മെറ്റയുടെ ഷെയര്‍ ഹോള്‍ഡറായ ഓള്‍ട്ടീമീറ്റര്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് സക്കര്‍ബര്‍ഗിനയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുണ്ടായ പിരിച്ചുവിടലെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയില്‍ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ എല്ലാവരെയും മസ്‌ക് പിരിച്ചുവിട്ടു.
ആഗോള സാമ്പത്തികമാന്ദ്യവും ടെക് കമ്പനികളെ പ്രതികൂലമായാണ് ബാധിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, സ്നാപ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ജോലിക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്ന നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Content Highlight: Meta to cut more than 11,000 jobs in one of biggest US layoffs this year