ഗസ: സയണിസ്റ്റുകളെ ലക്ഷ്യമിടുന്ന പോസ്റ്റുകൾ നീക്കം ചെയ്യാനൊരുങ്ങി ഫേസ് ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ. സയണിസ്റ്റുകൾ എന്ന പദം ഉൾക്കൊള്ളുന്ന വിമർശന സ്വഭാവമുള്ള സന്ദേശങ്ങൾ നീക്കം ചെയ്യാനാണ് മെറ്റ ഒരുങ്ങുന്നത്. ഫലസ്തീനിൽ ഒമ്പത് മാസത്തിലേറെയായി കടന്നാക്രമണം നടത്തുന്ന ഇസ്രഈലിനെയും ജൂതന്മാരെയും വിമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ് സയണിസ്റ്റുകൾ എന്നത്.
കമ്പനിയുടെ വിദ്വേഷ പ്രസംഗ നയം ഇതിനായി പുനർനിർമിക്കുകയും ചെയ്തു.
ജൂതന്മാരെയും ഇസ്രഈലികളെയും വിമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ് സയണിസ്റ്റുകൾ എന്നതെന്നും അതിനാൽ പുതിയ സാമൂഹിക നയത്തിന്റെ ഭാഗമായി ഇത്തരം ഉള്ളടക്കങ്ങൾ അടങ്ങുന്ന സന്ദേശങ്ങൾ നീക്കം ചെയ്യുകയാണെന്നും മെറ്റ അവകാശപ്പെട്ടു.
വംശം, വംശീയത, മതപരമായ ബന്ധം, ഭിന്നശേഷി, ലിംഗ സ്വത്വം, ദേശം തുടങ്ങിയവയുടെ പേരിൽ ഒരാളെയും ആക്രമിക്കരുതെന്ന നയമാണ് കമ്പനിയുടേതെന്നും മെറ്റ അറിയിച്ചു.
സയണിസ്റ്റുകൾ ആക്രമിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുമെന്നും ജൂതന്മാർക്കെതിരെയോ ഇസ്രഈലികൾക്കെതിരെയോ ഭീഷിണിയുയർത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യുമെന്ന് മെറ്റ തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
കമ്പനിയുടെ നവീകരിച്ച വിദ്വേഷ പ്രസംഗ നയം അനുസരിച്ച് ഇസ്രഈലികൾ സംരക്ഷിത വിഭാഗമാണ്.
‘സയണിസ്റ്റ് എന്ന പദം ജൂത രാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ ഈ വാക്കുകൾ ജൂതൻ അല്ലെങ്കിൽ ഇസ്രഈൽ എന്ന പാദങ്ങൾക്ക് പകരമായും ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് മോശമായ അർത്ഥത്തിൽ തുടർന്ന് അത്തരം പദപ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്,’ ഇസ്രഈലികൾ സംരക്ഷിത വിഭാഗമാണെന്ന തങ്ങളുടെ നയത്തെ ന്യായീകരിച്ച് മെറ്റ പറഞ്ഞു.
ഇസ്രഈലികൾക്കെതിരെയുള്ള ഉള്ളടക്കങ്ങൾ വിദ്വേഷം പ്രചാരണമെന്ന് പേരിൽ മെറ്റ നീക്കം ചെയ്യുമ്പോൾ ഫലസ്തീനികൾക്കെതിരെ കലാപാഹ്വാനം നടത്തുന്ന പോസ്റ്റുകൾ ഇപ്പോഴും നിലനിർത്തുന്നുണ്ട് എന്നത് വിചിത്രമാണ്.
Content Highlight: meta says it will remove more posts attacking zionists