ഇറാൻ പരമാധികാരിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിരോധിച്ച് മെറ്റ
World News
ഇറാൻ പരമാധികാരിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിരോധിച്ച് മെറ്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th February 2024, 9:39 am

ടെഹ്റാൻ: ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനെയിയുടെ ഒന്നിലധികം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിരോധിച്ച് മെറ്റ. അപകടകരമായ സംഘടനകളും വ്യക്തികളും സംബന്ധിച്ച കമ്പനിയുടെ നയങ്ങൾ ലംഘിച്ചു എന്നാരോപിച്ചാണ് അക്കൗണ്ടുകൾ നിരോധിച്ചത്.

ഇംഗ്ലീഷിലും ഫാർസി ഭാഷയിലുമുള്ള അക്കൗണ്ടുകൾ നിരോധിച്ചുവെന്ന് മിഡിൽ ഈസ് ഐ റിപ്പോർട്ട് ചെയ്തു.

എന്നാൽ എങ്ങനെയാണ് ഖമനെയിയുടെ അക്കൗണ്ടുകൾ മെറ്റയുടെ നയങ്ങളെ ലംഘിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇസ്രഈൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനി നേതാവിന്റെ ഓൺലൈൻ സാന്നിധ്യത്തിനെതിരെ നടപടികളെടുക്കണമെന്ന് ഇസ്രഈൽ അനുകൂല സംഘടനകൾ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പുതിയ നീക്കം.

അക്രമാസക്തമായ ഒരു പദ്ധതിക്ക് ആഹ്വാനം ചെയ്യുന്ന സംഘടനകളുടെയോ വ്യക്തികളുടെയോ സാന്നിധ്യം തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ അനുവദിക്കില്ലെന്നും അപകടകരമായ സംഘടനകളെ പ്രകീർത്തിക്കുന്നതും പിന്തുണക്കുന്നതുമായ ഉള്ളടക്കം നീക്കം ചെയ്യുമെന്നും മെറ്റ പറഞ്ഞു.

ഖമനെയിയുടെ ഫാർസി ഭാഷയിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിന് അഞ്ച് മില്യണിലധികം ഫോളോവേഴ്സുണ്ടായിരുന്നു. ഇംഗ്ലീഷ് പതിപ്പിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുൻ ഫെയ്സ്ബുക്ക് പേജിൽ 16,000 ഫോളോവേഴ്സായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം വിവിധ ഭാഷകളിലായി ഖമനെയിയുടെ പേരിലുള്ള വെരിഫൈഡ് അക്കൗണ്ടുകൾ എക്സ്പ്ലാറ്റ്ഫോമിൽ ഇപ്പോഴും സജീവമാണ്.

ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ അർബുദം ഫലസ്തീൻ ജനതയും പ്രതിരോധ സേനയും എന്നന്നേക്കുമായി ഇല്ലാതാക്കും എന്ന് ഖമനെയി എക്‌സിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

Content Highlight: Meta blacklists Iran’s Ayatollah Khamenei