മുസ്‌ലിങ്ങളെ ചുട്ടുകൊല്ലാനും പ്രധാന പ്രതിപക്ഷ നേതാവിനെ വധിക്കാനും ആഹ്വാനം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് മെറ്റയുടെ അംഗീകാരം; പരീക്ഷണ വിധേയമായി അയച്ചത് 22 പരസ്യങ്ങള്‍
ന്യൂദൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനിടെ രാജ്യത്തെ മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങളടങ്ങിയ 14 പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ മെറ്റ അംഗീകാരം നൽകിയതായി റിപ്പോർട്ട്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചാണ് വിദ്വേഷ ഉള്ളടക്കമുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതിനൽകിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. .
അംഗീകരിക്കപ്പെട്ട പരസ്യങ്ങളിൽ മുസ്‌ലിങ്ങളെ ചുട്ടുകൊല്ലാനും ഒരു പ്രധാന പ്രതിപക്ഷ നേതാവിനെ വധിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്.
ഇന്ത്യൻ സിവിൽ വാച്ച് ഇന്റർനാഷണലും, കോർപ്പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ഇക്കോയും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പിൽ പ്രകോപനപരമായ ഉള്ളടക്കം തടയുന്നതിനുള്ള മെറ്റയുടെ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി രണ്ട് സംഘടനകളും 22 പരസ്യങ്ങൾ മെറ്റയുടെ പരസ്യ ലൈബ്രറിയിലേക്ക് നൽകുകയായിരുന്നു ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലായിരുന്നു ഈ നീക്കം.
നൽകിയ എല്ലാ പരസ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് നിർമിച്ചവയായിരുന്നു. വിദ്വേഷ പ്രസംഗങ്ങളും പരാമർശങ്ങളും തടയുന്നതിനായി മെറ്റ നിർമ്മിച്ച പല നയങ്ങളും ലംഘിക്കുന്ന പരസ്യങ്ങളായിരുന്നു അയച്ചത്. അയച്ച 22 പരസ്യങ്ങളിൽ 14 എണ്ണവും പ്രസിദ്ധീകരിക്കാൻ മെറ്റ 24 മണിക്കൂറിനുള്ളിൽ തയ്യാറായി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നും നാലും ഘട്ടങ്ങൾ നടക്കുമ്പോഴായിരുന്നു ഇത്തരത്തിലുള്ള പരസ്യങ്ങൾ മെറ്റക്ക് അയച്ച നൽകിയത്.
‘നമുക്ക് ഈ കീടങ്ങളെ കത്തിക്കാം’, ‘ഹിന്ദു രക്തം ഒഴുകുന്നു, ഈ ആക്രമണകാരികളെ ചുട്ടുകളയണം’ തുടങ്ങിയ പ്രകോപനപരമായ പരാമർശങ്ങളോടെയാണ് പരസ്യങ്ങൾ നിർമ്മിച്ചത്. പരസ്യങ്ങൾ മുസ്‌ലിങ്ങളെ ലക്ഷ്യമിടുന്നതാണെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കും. അതോടൊപ്പം പരസ്യത്തിൽ ഹിന്ദു മേധാവിത്വ ഭാഷ ഉപയോഗിച്ചതായും രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ അടങ്ങിയതായും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ തീവ്ര വലതുപക്ഷം പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്ലാ പരസ്യങ്ങളും നിർമിച്ചത്. മെയ് എട്ടിനും പതിമൂന്നിനും ഇടയിൽ അത്യന്തം പ്രകോപനപരമായ 14 ഓളം പരസ്യങ്ങൾക്ക് മെറ്റ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇത്തരം പരസ്യങ്ങളിലൂടെ മെറ്റ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നും ദി ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Content Highlight: Meta approved political ads in India that incited violence