national news
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യം ചേരണം; സോണിയ്ക്ക് മുന്നില്‍ നിര്‍ദേശവുമായി രാജ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 09, 06:18 pm
Tuesday, 9th July 2019, 11:48 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യം ചേരണമെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ്താക്കറെ. യു.പി.എ അധ്യക്ഷ സോണിഗാന്ധിയുമായുള്ള കൂടികാഴ്ച്ചയിലാണ് രാജ് താക്കറെ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചത്.

പാര്‍ട്ടിയുടെ ഉന്നത നേതാവുമായി സഖ്യത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി താന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും രാജ് താക്കറെ പറഞ്ഞു.

ഇന്നലത്തെ കൂടികാഴ്ച്ചയില്‍ ഇ.വി.എമ്മിലെ തകരാറുകള്‍ സംബന്ധിച്ച് രാജ് താക്കറെ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.


ഇതോടൊപ്പം തന്നെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെയും ഇ.വി.എം സംബന്ധിച്ച കാര്യങ്ങള്‍ സൂചിപ്പിക്കുന്നതിനായി താക്കറെ സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇ.വി.എമ്മുകള്‍ക്ക് പകരം പേപ്പര്‍ ബാലറ്റുകളിലൂടെ നടത്തണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നു.

‘തങ്ങള്‍ ചെയ്ത വോട്ട് സ്വന്തം സ്ഥാനാര്‍ത്ഥിക്കല്ല വീണതെന്ന് വോട്ടര്‍മാരുടെ മനസ്സില്‍ സംശയമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പേപ്പര്‍ ബാലറ്റുകളിലേക്ക് മാറുകയും അതിലൂടെ മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പ് നടത്തുകയും വേണം.ഇ.വി എമ്മുകളെ തകര്‍ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ ശക്തമായി കരുതുന്നു’ യോഗത്തിന് ശേഷം താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.എന്‍.എസ് മത്സരിച്ചിട്ടില്ലെങ്കിലും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ താക്കറെ പ്രചരണം നടത്തിയിരുന്നു.