| Friday, 26th April 2024, 9:01 am

പ്രകാശ് ജാവദേക്കറിനെ കണ്ടിരുന്നു, എന്നാല്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല: ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടിരുന്നെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഇത് യാദൃശ്ചികമായി നടന്ന കൂടിക്കാഴ്ചയാണെന്നും എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇ.പി. ജയരാജന്‍ ബി.ജെ.പിയിൽ ചേരുന്നതിന് വേണ്ടി പാർട്ടിയുടെ മുതിർന്ന നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇ.പി ജാവദേക്കറിനെ കണ്ടരിരുന്നതായി ദല്ലാൾ നന്ദകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയത്തിലായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം.

മകന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രകാശ് ജാവദേക്കര്‍ എന്നെ കാണാന്‍ വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും ഇ.പി പറഞ്ഞു. ബി.ജെ.പിയില്‍ നിന്ന് മാത്രമല്ല, തന്നെ കാണാന്‍ അങ്ങനെ നിരവധി നേതാക്കള്‍ ഇതിന് മുമ്പും വന്നിട്ടുണ്ടെന്നും കണ്ടതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ സംസാരിച്ചാല്‍ മാറിപ്പോകുന്നതല്ല തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും നിലവാരമില്ലാത്തവര്‍ വിളിച്ച് പറയുന്നതൊക്കെ കൊടുക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം. ഇതെല്ലാം ടി.വിയില്‍ പടം വരാന്‍ വേണ്ടി മാത്രം ചെയ്യുന്നതാണ്. അതിനെ പ്രോത്സാഹിപ്പിക്കരുതെന്നും ഇ.പി പറഞ്ഞു.

ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അതില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി. ശോഭയും സുധാകരനും നാല് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കുകയാണെങ്കില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ കേസും, വൈദേഗം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസും ഒഴിവാക്കിത്തരാമെന്ന് ജാവദേകര്‍ പറഞ്ഞെങ്കിലും ഇ.പി. ജയരാജന്‍ ഈ ഓഫറുകള്‍ നിരസിച്ചെന്ന് നന്ദകുമാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജാവദേക്കര്‍ കാണാന്‍ വരുന്ന കാര്യം ഇ.പി. ജയരാജന് അറിയില്ലായിരുന്നു എന്നും നന്ദകുമാര്‍ പറഞ്ഞു.

കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ജാവദേകറിന്റെ വീട്ടില്‍ വെച്ച് അമിത് ഷാ ഉറപ്പുതരുമെന്നും അവിടെ വെച്ച് സംസാരിക്കാമെന്നും ഭാഷ പ്രശ്‌നമാണെങ്കില്‍ നന്ദകുമാറിനെ കൂടെ കൂട്ടാമെന്നും ജാവദേകര്‍ പറഞ്ഞെങ്കിലും ഇ.പി. നിരസിച്ചതായും നന്ദകുമാര്‍ പറഞ്ഞു.

Content Highlight: Met Javadekar, but never talked about politics: EP Jayarajan

We use cookies to give you the best possible experience. Learn more