റയല്‍ മാഡ്രിഡിനായി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്യൂട്ട് ഓസിലും. ഇരുവര്‍ക്കുമിടയില്‍ വലിയ സൗഹൃദവുമുണ്ടായിരുന്നു. റൊണാള്‍ഡോയുടെ കരിയറിലെ ഏറ്റവും നല്ല സമയമായിരുന്നു റയലില്‍ ചെലവഴിച്ചിരുന്നത്. 16 ട്രോഫികളാണ് റയലിനൊപ്പം റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുള്ളത്.
റോണോയും ഓസിലും മൂന്ന് വര്‍ഷം റയലില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 149 മത്സരങ്ങള്‍ റൊണാള്‍ഡൊക്കൊപ്പം കളിച്ച ഓസില്‍ റോണോക്കൊപ്പം ചേര്‍ന്ന് ഏകദേശം 39 ഗോളുകളിലും പങ്കാളികളായിട്ടുണ്ട്. ക്രിസ്റ്റ്യാനോക്കെതിരെ പ്രചരിക്കുന്ന നെഗറ്റീവ് വാര്‍ത്തകളോട് ഓസില്‍ പ്രതികരിച്ചിരുന്നു. റോണോയെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.
‘റോണോയെക്കുറിച്ച് മാധ്യമങ്ങള്‍ ഇത്രയേറെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. മീഡിയ ക്ലിക്കിന് വേണ്ടി എന്തും ഉണ്ടാക്കി വിടുകയാണ്. ഫുട്‌ബോള്‍ വിദഗ്ധര്‍ക്ക് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് നല്ല താരങ്ങളെ പരമാവധി മോശം പറഞ്ഞ് അവര്‍ക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിക്കൊടുക്കലാണ് ഉദ്ദേശം,’ ഓസില്‍ പറഞ്ഞു.
‘റൊണാള്‍ഡോക്ക് 38വയസുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിന് ഒരു സീസണില്‍ 50 ഗോളൊന്നും നേടാന്‍ കഴിയില്ല. അത് തികച്ചും സ്വാഭാവികമാണ്. 20 വയസുകാരനെപ്പോലെ ഇപ്പോഴും കളിക്കാന്‍ അദ്ദേഹത്തെ പ്രായം അനുവദിക്കില്ല,’ ഓസില്‍ കൂട്ടിച്ചേര്‍ത്തു.
2010നും 2013നും ഇടയില്‍ മൂന്ന് ട്രോഫികളാണ് റൊണാള്‍ഡൊയും ഓസിലും കൂടി സ്വന്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയതെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റോണോയുടെ പ്രകടനം അല്‍ നസറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നതായിരുന്നില്ല.
എന്നാല്‍, സൗദി പ്രോ ലീഗില്‍ അല്‍ റഅ്ദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ റൊണാള്‍ഡോയാണ് ഓപ്പണിങ് നടത്തിയത്. കളിയുടെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റോണോ ഗോള്‍ വലയിലെത്തിച്ചത്.
ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളില്‍ അല്‍ നസര്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ അല്‍ ആലാമിക്കെതിരെ ആദ്യ ഗോള്‍ നേടി ക്ലബ്ബിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചതോടെ താരത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു.
സൗദി പ്രോ ലീഗില്‍ ഇതുവരെ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 17 ജയവും 56 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇതിഹാദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മെയ് എട്ടിന് അല്‍ ഖലീജിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.