| Thursday, 6th April 2023, 8:27 am

'ഈ തലമുറയിലെ ഏറ്റവും മികച്ച നമ്പര്‍ 9'; റയല്‍ മാഡ്രിഡ് സൂപ്പര്‍താരത്തെ വാനോളം പുകഴ്ത്തി ഓസില്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ ഡെല്‍ റേ സെമി ഫൈനല്‍സില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരിം ബെന്‍സെമയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ താരത്തെ പ്രശംസിച്ച് മെസ്യൂട്ട് ഓസില്‍. കഴിഞ്ഞ ദിവസം ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ബെന്‍സെമ ഹാട്രിക് നേടിയിരുന്നു.

മത്സരത്തിന് ശേഷം റയലില്‍ ബെന്‍സെമയുടെ സഹതാരം കൂടിയായിരുന്ന ഓസില്‍ താരത്തെ പ്രശംസിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. ബെന്‍സെമയെ ‘കിങ്ങ്’ എന്ന് വിശേഷിപ്പിച്ച ഓസില്‍ ‘നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച നമ്പര്‍ 9’ എന്നും താരത്തെ വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തു.

2010 മുതല്‍ 2013 വരെയാണ് ഇരുവരും റയലില്‍ ഒരുമിച്ച് ബൂട്ടുകെട്ടിയിരുന്നത്. റയല്‍ മാഡ്രിഡില്‍ ഇരുവരും മൂന്ന് സീസണുകളിലായി 118 മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഓസില്‍ കഴിഞ്ഞ മാസം തന്റെ 34ാം മിനിട്ടില്‍ കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ബെന്‍സെമ തന്റെ 35ാം വയസിലും ഫുട്‌ബോളില്‍ മികച്ച് മുന്നേറുകയാണ്.

അതേസമയം, എല്‍ ക്ലാസിക്കോയില്‍ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്‌സക്ക് മുന്നില്‍ അടിയറവ് പറഞ്ഞ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ തിരിച്ചുവരവാണ് കോപ്പ ഡെല്‍ റേയില്‍ കാഴ്ചവെച്ചിരിക്കുന്നത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ ബാഴ്‌സയെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ച റയല്‍ മാഡ്രിഡിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായി.

ബെന്‍സെമക്ക് പുറമെ വിനീഷ്യസ് ജൂനിയറാണ് റയലിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാനത്തിലാണ് ലോസ് ബ്ലാങ്കോസ് ഗോള്‍ വേട്ട ആരംഭിക്കുന്നത്. ബെന്‍സെമ നല്‍കിയ അസിസ്റ്റില്‍ നിന്ന് വിനി ഗോള്‍ കണ്ടെത്തുകയായിരുന്നു.

മത്സരത്തിന്റെ 50ാം മിനിട്ടില്‍ മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്ന് ബെന്‍സിമ ഗോള്‍ നേടി. എട്ട് മിനിട്ടിനുശേഷം ലഭിച്ച പെനാല്‍ട്ടി ബെന്‍സിമ ലക്ഷ്യം കണ്ടതോടെ ലീഡ് മൂന്നായി ഉയര്‍ന്നു. 80ാം മിനിട്ടില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടിയതോടെ ബെന്‍സെമ ഹാട്രിക്ക് തികക്കുകയായിരുന്നു. ഇതോടെ സ്വന്തം മൈതാനത്ത് ബാഴ്‌സക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടിവരികയായിരുന്നു.

Content Highlights: Mesut Ozil praises Karim Benzema after his class performance in Copa Del Rey

We use cookies to give you the best possible experience. Learn more