ജർമൻ ദേശീയ ടീമിന്റെയും ആഴ്സണലിന്റെയും സൂപ്പർ താരമായ ഓസിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
താരം വിരമിച്ചതിന് പിന്നാലെ ഒട്ടനവധി ആശംസാ സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഓസിലിന് ആരാധകരിൽ നിന്നും ലഭിച്ചത്.
എന്നാൽ ഓസിൽ മടിയനും ഓവർറേറ്റഡുമായ പ്ലെയറാണെന്നും താരത്തെക്കാൾ മികച്ച വേറെയും പ്ലെയേഴ്സ് ആഴ്സണലിൽ ഉണ്ടെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെൽസി പ്രതിരോധ നിര താരമായ ജേസൺ കാൻഡി.
റയൽ മാഡ്രിഡിൽ നിന്നും 42.5മില്യൺ പൗണ്ടിനായിരുന്നു ഓസിൽ 2013ൽ ആഴ്സണലിലേക്കെത്തിയത്.
ഗണ്ണേഴ്സിനായി 254 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 79 അസിസ്റ്റുകളുമാണ് ഓസിൽ സ്വന്തമാക്കിയത്.
“ആഴ്സണലിലെ മടിയനും ഓവർറേറ്റഡുമായ താരമാണ് ഓസിൽ. ഇത്രയും ടാലന്റുണ്ടായിട്ടും അത് ഉപയോഗിക്കാത്ത വെറൊരു പ്ലെയറിനെയും ഞാൻ ആഴ്സണലിൽ കണ്ടിട്ടില്ല.
ആഴ്സണൽ ആരാധകർക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷെ അവർ വെറും ഫാൻ ബോയിസാണ്,’ ജേസൺ കാൻഡി പറഞ്ഞു.
കൂടാതെ ഓസിലിനേക്കാൾ വളരെ മികച്ച താരമാണ് ഒഡേഗാർഡെന്നും ജേസൺ കാൻഡി കൂട്ടിച്ചേർത്തു.
“ഓസിലിനെ ഒഡേഗാർഡുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. അതിനെ പറ്റി സംസാരിക്കുന്നത് പോലും അബദ്ധമാണ്. ഒഡേഗാർഡ് കാര്യങ്ങളെ മൈതാനത്ത് നടപ്പിലാക്കുന്ന കാര്യമാണ്. ഓസിലിനെക്കാൾ എന്ത് കൊണ്ടും ഒരു മികച്ച താരം തന്നെയാണ് ഒഡേഗാർഡ്,’ ജേസൺ കാൻഡി പറഞ്ഞു.
അതേസമയം നിലവിൽ പ്രീമിയർ ലീഗിൽ 28 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളോടെ 69 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് ആഴ്സണൽ.
ഏപ്രിൽ ഒന്നിന് ലീഡ്സ് യുണൈറ്റഡിനെതിരെയായിരുന്നു ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights: Mesut Ozil is overrated said Jason Cundy