ജര്‍മ്മന്‍ ടീമില്‍ നിന്നും വിരമിച്ച മെസ്യൂട്ട് ഓസിലിനെ അധിക്ഷേപിച്ച് ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് യൂലി ഹോനെസ്. ദുരന്തം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായി ഓസില്‍ മോശം കളിയാണ് കാഴ്ചവെച്ചതെന്നും ഹോനെസ് ആരോപിച്ചു.
“ഒരു ഫോട്ടോയുടെ മറവില്‍ തന്റെ മോശം കളി മറച്ചുവെക്കാനാണ് ഓസില്‍ ശ്രമിക്കുന്നത്. ഓസിലിന്റെ 35 മില്ല്യണ്‍ ഉണ്ടെന്ന് പറയുന്ന യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ആരാധകര്‍ കരുതുന്നത്, ഓസില്‍ ഒരു ക്രോസ്പാസ് കൊടുത്താല്‍ നല്ല കളിയാണെന്നാണ്” ഹോനെസ് ആരോപിച്ചു.
വംശീയധിക്ഷേപത്തെ തുടര്‍ന്നാണ് കളിയവസാനിപ്പിക്കാന്‍ ഓസില്‍ തീരുമാനമെടുത്തത്. തുര്‍ക്കി ബന്ധം ആരോപിച്ച് തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ഭീഷണിയും വംശീയ അവഹേളനവുമുണ്ടെന്നും ജര്‍മ്മനിയ്ക്കായി ഇനിയും ബൂട്ട് കെട്ടാനില്ലെന്നും ഓസില്‍ പറഞ്ഞിരുന്നു.
ജര്‍മ്മന്‍ ഫുട്ബോള്‍ ഫെഡറേന്‍ പ്രസിഡന്റിന് അയച്ച തന്റെ രാജിക്കത്തിന്റെ പകര്‍പ്പ് ഓസില്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനി റഷ്യന്‍ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് ഓസിലിനുനേരെ വംശീയ ആക്രമണമുണ്ടായത്.
തുര്‍ക്കിയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഓസിലിന്റെ കുടുംബം.
ജര്‍മനിക്കായി 92 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടിയിട്ടുണ്ട് ഓസില്‍. 2014 ലോകകപ്പ് നേടിയ ജര്‍മ്മന്‍ ടീമില്‍ അംഗമായിരുന്നു.