ലോകകപ്പ് ഫുട്ബോൾ മത്സരം ആവേശകരമായി കൊടിയിറങ്ങിയപ്പോൾ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് അർജന്റീന. ലോകകപ്പ് നേടിയതോടെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിക്ക് ക്ലബ്ബ്, ഇന്റർനാഷണൽ ടൂർണമെന്റുകളിൽ നിന്നുള്ള പ്രധാനപ്പെട്ട എല്ലാ ടൈറ്റിലുകളും സ്വന്തമാക്കാൻ സാധിച്ചു.
എന്നാലിപ്പോൾ ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന അവസരത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി മെസിയെ അണിയിച്ച ബിശ്ത് എന്ന അറേബ്യൻ വസ്ത്രം ഏറ്റെടുത്തിരിക്കുകയാണ് അർജന്റൈൻ ആരാധകർ.
ഷെയ്ഖ് തമീം അണിയിച്ച ബിശ്ത് അണിഞ്ഞായിരുന്നു മെസി ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയതും , പിന്നീട് ലോകകപ്പ് ഉയർത്തിയതും.
ബിശ്ത് അറബ് ലോകത്തെ രാജ കുടുംബത്തിൽ പെട്ട പുരുഷന്മാരോ, അല്ലെങ്കിൽ സമൂഹത്തിലെ ഉന്നതശ്രണിയിലുള്ളവരോ വിവാഹം, മതപരമായ ആഘോഷങ്ങൾ, ജുമുഅ നിസ്കാരം, പെരുന്നാൾ നിസ്കാരം തുടങ്ങിയ വിശേഷാവസരങ്ങളിൽ ധരിക്കുന്നതാണ്.
ബിശ്തിന്റെ ഗുണമേൻന്മയും നിലവാരവും വർധിക്കുന്നതിനനുസരിച്ച് അത് ധരിക്കുന്ന വ്യക്തികളുടെ അന്തസ്സും വർധിക്കും എന്നാണ് അറബ് സമൂഹത്തിലെ വിശ്വാസം.
ലോകകപ്പ് വേദിയിൽ മെസി ബിശ്ത് ധരിച്ചതോടെ മാർക്കറ്റിൽ വലിയ ആവശ്യക്കാരാണ് ബിശ്തിന്.
മെസി ബിശ്ത് അണിഞ്ഞതോടെ മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കടയിൽ നിന്നും വലിയ തോതിൽ ബിശ്ത് വിറ്റുപോയി,’ എന്നാണ് സൂഫി വാഖിഫിലെ ബിശ്ത് ഡിസൈനറും മേക്കറുമായ അൽ സലേം മാധ്യമങ്ങളോട് പ്രതികരിച്ചത്.
കൂടാതെ ബിശ്ത് വാങ്ങാൻ ആരാധകരുടെ വലിയ കൂട്ടം ഉണ്ടായെന്നും ‘മെസിഡിസൈൻ’ ലഭിക്കുന്നതിന് വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ തയാറായിട്ടാണ് ആരാധകർ എത്തിയതെന്നും ഇതിന് മുമ്പ് ഇത്രയും വലിയ രീതിയിലുള്ള ഒരു വിൽപന നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4500 ഖത്തർ റിയാൽ വിലവരുന്ന ‘മെസി ബിശ്ത്’ ഏകദേശം പത്ത് ദിവസമെടുത്ത് ഏഴ് പേർ ചേർന്നാണ് നിർമ്മിക്കുന്നത്.
ബിശ്തിന് ഇപ്പോഴും ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും ഖത്തറിൽ നിന്നും വിദേശത്ത് നിന്നും ഒരുപോലെ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും കൂടി അൽ സലേം കൂട്ടിച്ചേർത്തു.
ഖത്തർ അമീർ മെസിക്ക് ആദരസൂചകമായി ബിശ്ത് അണിയിച്ചതിനെ തുടർന്ന് അർജന്റീനയിലും ബിശ്തിന് വലിയ ആരാധകരും ആവശ്യക്കാരുമുണ്ടായി.
ഇതിനെതുടർന്ന് അർജന്റീനയിലെ ആരാധകർക്ക് ബിശ്ത് അയച്ചു നൽകുന്നതിനായി ഐ ലവ് ഖത്തർ ശൃംഖലയുടെ സ്ഥാപകൻ ഖലീഫ അൽ ഹാറൂൺ മുന്നോട്ട് വന്നിട്ടുണ്ട്.
‘എനിക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ബിശ്ത് വിൽപ നക്കാരുണ്ടോ? അർജന്റീനയിലെ മുഴുവൻ കളിക്കാർക്കും അവരുടെ ജേഴ്സി നമ്പർ ഉൾപ്പെടെ വെച്ച് ബിശ്ത് തയാറാക്കി അയക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ബിശ്തിനെ ഇഷ്ടപ്പെടുന്നു എന്നവർ പറയുന്നതിനുള്ള ഒരു ചെറിയ സമ്മാനമായി അത് അവർക്ക് നൽകാം,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേ സമയം ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.
ഷൂട്ട്‌ഔട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.
Content Highlights:Messy Effect’ Bisht is in high demand; Sold out within hours