ലോകത്തെ ഏറ്റവു മികച്ച ഫുട്‌ബോള്‍ കളിക്കാരുടെ ലിസ്‌റ്റെടുത്താല്‍ മുന്‍പന്തിയില്‍ തന്നെ കാണുന്നൊരു കളിക്കാരനാണ് ലയണല്‍ മെസി. എന്നാല്‍ ഈ കഴിഞ്ഞ സീസണില്‍ പുതിയ ക്ലബ്ബായ പി.എസ്.ജി.ക്ക് വേണ്ടി മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
2021ല്‍ തന്റെ 7-ാം ബാലണ്‍ ഡി ഓര്‍ മെസി സ്വന്തമാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള താരത്തിന്റെ പ്രകടനത്തില്‍ ആരാധകര്‍ പോലും സംതൃപ്തരല്ലായിരുന്നു. മെസിയുടെ കാലം കഴിഞ്ഞെന്ന് വിമര്‍ശകര്‍ മുദ്രകുത്തിയിരുന്നു.
ആകപ്പാടെ മെസിക്ക് മോശംകാലം. അപ്പോഴാണ് ഇറ്റലിക്കെതിരെയുള്ള അര്‍ജന്റീനയുടെ ഫൈനലിസിമ മത്സരം. യൂറൊ കപ്പ് ജേതാക്കളായെത്തിയ ഇറ്റലിയും, കോപ്പാ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീന മൂന്ന് ഗോളിന് ഏകപക്ഷീയമായി വിജയിച്ചു.
കളിയിലെ താരമായത് സാക്ഷാല്‍ ലയണല്‍ മെസിയും. കളിയുടെ ആദ്യ പത്ത് മിനിറ്റില്‍ മൈതാനമധ്യേ തലങ്ങും വിലങ്ങും കൂളായി നടക്കുന്ന മെസിയെ ആയിരുന്നു കാണാന്‍ സാധിച്ചത്. പിന്നീട് കളി പുരോഗമനിച്ചപ്പോള്‍ അയാള്‍ അയാളുടെ തനിരൂപം കാണിക്കാന്‍ തുടങ്ങി.
പന്ത് കിട്ടുമ്പോഴെല്ലാം അയാള്‍ സ്ഥിരം ശൈലിയില്‍ എതിരാളികളുടെ കോണ്‍ഫിഡെന്‌സ് കളയുന്ന മുന്നേറ്റങ്ങള്‍ നടത്തി. ഒടുവില്‍ 28ാം മിനിറ്റില്‍ ഇറ്റലിയന്‍ ഗോള്‍വലയുടെ മുന്നില്‍ ഡിഫന്‍ഡറെ കബിളിപ്പിച്ചുകൊണ്ട് മാര്‍ട്ടിനെസിന് ടാപ് ഇന്‍ ചെയ്യാന്‍ പാകത്തില്‍ ഒരു കിടില്‍ ബോള്‍.
ഇറ്റലിയുടെ വല ആദ്യ തവണ കുലുങ്ങി. മാര്‍ട്ടിനെസാണ് ഗോള്‍ അടിച്ചതെങ്കിലും ആ ഗോള്‍ ഒരു ക്ലാസിക്ക് മെസി ബ്രില്ല്യന്‍സാണ്. പിന്നീട് അസൂറിപ്പട കണ്ടത് ആ കുറിയ മനുഷ്യന്റെ മായജാലമായിരുന്നു. തന്റെ പ്രൈം ടൈമില്‍ താന്‍ കാഴ്ചവെച്ച പ്രകടനങ്ങളുടെ മറ്റൊരു പതിപ്പാണ് ഇന്നലെ ഇറ്റലിക്കാര്‍ കണ്ടത്.
മെസിയോടൊപ്പം കഴിഞ്ഞ സീസണില്‍ ബാലണ്‍ ഡി ഓര്‍ പട്ടികയല്‍ മുന്‍പന്തിയിലുണ്ടായിരുന്ന താരമാണ് ഇറ്റലിയുടെ ജോര്‍ജീനോ. ഇറ്റലിക്ക് വേണ്ടിയും ചെല്‍സിക്ക് വേണ്ടിയും കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മെസിക്കുമുന്നില്‍ ബാലണ്‍ ഡി ഓര്‍ അടിയറവ് വെക്കാനായിരുന്നു ജോര്‍ജീനൊയുടെ വിധി.
ആ ഒരു പേര്‍സണല്‍ റിവഞ്ചുമായിട്ടായിരിക്കണം ജോര്‍ജീനൊ വന്നത്. ഇറ്റലി നിരയില്‍ ഏറ്റവും സ്പിരിറ്റോടെ കളിച്ചതും അയാളായിരുന്നു. എന്നാല്‍ മെസിയുമായി വണ്‍-ഓണ്‍-വണ്‍ വന്നപ്പോഴെല്ലാം ജോര്‍ജീനൊ പരാജിതനാകുകയായിരുന്നു. ഒന്നിലേറെ തവണയാണ് മെസി ജോര്‍ജീനൊയുടെ കാലില്‍ നിന്നും പന്ത് റാഞ്ചിയത്.
മത്സരത്തിന്റെ അവസാന മിനിറ്റില്‍ പന്തുമായി മെസി അസൂറിപടയുടെ കോട്ടയിലേക്കടുത്തു. തന്റെ പേരിലായ മത്സരം ഒരു ഗോളില്‍ അവസാനിപ്പിക്കാനായിരിക്കണം അയാള്‍ മുന്നേറിയത് എന്നാല്‍ ഗോള്‍ ആക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല. പകരം സബ് ഇറങ്ങിയ ഡിബാലക്ക പാസ് ചെയ്യുകയും അദ്ദേഹം അത് ഗോളാക്കി മാറ്റുകയും ചെയ്തു. മത്സരത്തില്‍ മെസിയുടെ രണ്ടാം അസിസ്റ്റും അര്‍ജന്റീനയുടെ മൂന്നാം ഗോളും.
രണ്ട് അസിസ്റ്റ് നേടിയ മെസി സോളൊ റണ്ണുകളും മികച്ച പാസുകളുമായും കളം നിറഞ്ഞ് കളിച്ചു. മെസി തന്നെയായിരുന്നു കളിയിലെ താരവും. ഏറ്റവും കൂടുതല്‍ ഡ്രിബിളുകള്‍ പൂര്‍ത്തിയാക്കിയതും മെസിയായിരുന്നു.
എട്ട് ഷോട്ടുകളാണ് മെസി അസൂറിപടയുടെ ഗോള്‍ വലയ്ക്ക് നേരേ തൊടുത്തത്. അഞ്ച് തവണ മെസിയെ ഫൗള്‍ ചെയത് വീഴ്ത്തിയരുന്നു. നാല് തവണ ചാന്‍സ് ക്രിയേറ്റ് ചെയത മെസി രണ്ട് അസിസ്റ്റുകളാണ് നേടിയത്.
ഗോള്‍ അടിക്കാതിരുന്നിട്ടും ഒരു കളിയില്‍ ഇത്രയും ഇംപാക്ട് ഉണ്ടാക്കുവാന്‍ ഒരു സാധാ കളിക്കാരന് സാധിക്കില്ല. ഇതാണ് മെസിയെ അയാളുടെ എതിരാളികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഈ ഫോമില്‍ മെസി ലോകകപ്പില്‍ കളിച്ചാല്‍ അര്‍ജന്റീന ലോകകപ്പ് നേടുമെന്ന് തന്നെയാണ് അര്‍ജന്റീന വിശ്വസിക്കുന്നത്.