മെസി-റൊണാൾഡോ G.O. A.T(Greatest Of All Time) സംവാദങ്ങൾ സമകാലിക ഫുട്ബോൾ പരിസരങ്ങളിലും ആവർത്തിക്കുകയാണ്. മെസിയാണോ റൊണാൾഡോയാണോ മികച്ചതെന്ന ഒരു പതിറ്റാണ്ട് നീണ്ട് നിന്ന തർക്കത്തിൽ ഇന്നും രണ്ട് ചേരിയിലാണ് ഫുട്ബോൾ ലോകം.
എന്നാൽ ഇപ്പോൾ മെസി-റൊണാൾഡോ തർക്കത്തിൽ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പാട്രിക്ക് എവ്റ. മെസിയേക്കാൾ മികച്ച താരമായി താൻ കാണുന്നത് റൊണാൾഡോയെയാണെന്ന് അഭിപ്രായപ്പെട്ട എവ്റ, റോണോ കഠിനാധ്വാനിയായ പ്ലെയറാണെന്നും അഭിപ്രായപ്പെട്ടു.
റിയോ ഫെർഡിനൻഡ്സ് ഫൈവ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫ്രഞ്ച് താരമായ എവ്റ തന്റെ പഴയ ടീം മേറ്റായ റൊണാൾഡോയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
“എന്ത് കൊണ്ടാണ് റൊണാൾഡോ മെസിയെക്കാൾ മികച്ച താരമാകുന്നത് എന്നതിന് എനിക്ക് കൃത്യമായ മറുപടിയുണ്ട്. അവൻ എന്റെ ടീം മേറ്റും സഹോദര തുല്യനായ വ്യക്തിയുമായത് കൊണ്ടല്ല ഞാൻ ഇത് പറയുന്നത്. അവന്റെ കഠിനാധ്വാനവും ധാർമികതയും മൂലമാണ്.
മെസി റൊണാൾഡോയെപ്പോലെയല്ല, മെസിയെ ദൈവം സൃഷ്ടിച്ചിട്ട് പോയി ഫുട്ബോൾ കളിച്ചോ എന്ന് പറഞ്ഞ് ഭൂമിയിലേക്ക് വിട്ടതാണ്. എന്നാൽ റൊണാൾഡോ നേടിയതെല്ലാം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ പ്രതിഭ പോലും റൊണാൾഡോ കൃത്യമായി വർക്ക് ചെയ്ത് ഉണ്ടാക്കിയെടുത്തതാണ്.
മെസിയെങ്ങാനും റോണോയെപ്പോലെ കഠിനാധ്വാനിയായിരുന്നെങ്കിൽ കുറഞ്ഞത് 15 ബാലൻ ഡി ഓറെങ്കിലും താരം സ്വന്തമാക്കുമായിരുന്നു. എനിക്ക് കഠിനാധ്വാനം ചെയ്യുന്നവരോട് കൂടുതൽ ആഭിമുഖ്യമുണ്ട്, അതിനാൽ തന്നെ മെസിയെക്കാൾ ഉപരിയായി റൊണാൾഡോയെയാണ് ഞാൻ തെരെഞ്ഞെടുക്കുക.
ലോകകപ്പ് നേടിയ ശേഷം പലരും മെസിയാണ് G.O.A.T എന്ന് അഭിപ്രായപ്പെടുന്നുണ്ട്. അതിൽ എനിക്ക് എതിർപ്പില്ല. പക്ഷെ റൊണാൾഡോയെ ഇഷ്ടപ്പെടുന്നു എന്ന് പറയുന്നവരുടെ അഭിപ്രായത്തെ മാനിക്കുക എന്ന മര്യാദ കാട്ടണം,’ പാട്രിക്ക് എവ്റ പറഞ്ഞു.
മൂന്നര വർഷമാണ് എവ്റയും റൊണാൾഡോയും മാൻ യുണൈറ്റഡിൽ ഒരുമിച്ച് കളിച്ചത്. രണ്ട് പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഇരു താരങ്ങളും ഒരുമിച്ച് സ്വന്തമാക്കിയിട്ടുണ്ട്.
നിലവിൽ പ്രീമിയർ ലീഗിൽ 25 മത്സരങ്ങളിൽ നിന്നും 49 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാർച്ച് 16ന് റയൽ ബെറ്റിസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:Messi would probably have 15 Ballon d’Ors if he play like ronaldo said Patrice Evra