football news
മെസി 50 വയസായാലും കളി നിർത്തരുത്; ആഗ്രഹം പ്രകടിപ്പിച്ച് റൊണാൾഡോയുടെ മുൻ സഹതാരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 04, 10:54 am
Tuesday, 4th April 2023, 4:24 pm

സമകാലിക ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന പ്ലെയറാണ് മെസി. ഒരു പതിറ്റാണ്ടിലേറെ നീണ്ട കാലം ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിക്കുന്ന താരത്തിന് രാജ്യാന്തര താരങ്ങളും ഫുട്ബോൾ വിദഗ്ധരുമടക്കം വലിയ ആരാധക കൂട്ടമാണുള്ളത്.

എന്നാൽ മെസിക്ക് 50 വയസായാലും അദ്ദേഹം പി.എസ്.ജിയിൽ കളിക്കുന്നത് കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് റൊണാൾഡോയുടെ യുവന്റസിലെ സഹ താരമായിരുന്ന മത്തിയാസ് സോലെ.

മെസി വിരമിക്കുന്നത് കാണാൻ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹത്തിന് 50 വയസായാലും താരം കളി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് മത്തിയാസ് സോലെ തുറന്ന് പറഞ്ഞിരിക്കുന്നത്.

ടി.എൻ. ടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മെസിയെ പറ്റി സോലെ തുറന്ന് പറഞ്ഞത്.
“മെസി ഒരിക്കലും വിരമിക്കരുത്. 50 വയസായാലും അദ്ദേഹം കളി തുടരണം,’ മത്തിയാസ് സോലെ പറഞ്ഞു.

റൊണാൾഡോക്കൊപ്പം പ്രൊഫഷണൽ ഫുട്ബോൾ മത്സരം കളിക്കാൻ സോലെക്ക് സാധിച്ചിട്ടില്ല. ഡ്രസിങ്‌ റൂമിലും പരിശീലന സെഷനുകളിലും മാത്രമാണ് ഇരു താരങ്ങളും അടുത്തിടപഴകിയിട്ടുള്ളത്.

അതേസമയം വരുന്ന ജൂൺ മാസത്തിൽ മെസിയുടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കും ശേഷം കരാർ പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജന്റായി മാറുന്ന താരത്തെ സ്വന്തമാക്കാനായി ബാഴ്സലോണ, ഇന്റർ മിലാൻ, ഇന്റർ മിയാമി, അൽ ഹിലാൽ തുടങ്ങിയ ക്ലബ്ബുകൾ രംഗത്തുണ്ട്.

മെസിയുടെ ക്ലബ്ബായ പി.എസ്. ജി നിലവിൽ 29 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണുള്ളത്.

ഏപ്രിൽ ഒമ്പതിന് നൈസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Messi would play until he’s 50 said Matias Soule